പടക്ക നിരോധനം; ഡല്‍ഹിയിലെ ഉന്നതര്‍ക്ക് മാത്രം ശുദ്ധവായു മതിയോ?: സുപ്രീം കോടതി

പടക്കങ്ങള്‍ക്ക് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന് (സിഎക്യുഎം) ബെഞ്ച് നോട്ടീസ് അയച്ചു.

author-image
Biju
Updated On
New Update
sp 2

ന്യൂഡല്‍ഹി: മറ്റു നഗരങ്ങളും രൂക്ഷമലിനീകരണം നേരിടുമ്പോള്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ മാത്രം പടക്കനിരോധനം ഏര്‍പ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്‍സിആറിലെ ജനങ്ങള്‍ക്ക് ശുദ്ധമായ വായുവിന് അവകാശമുണ്ടെങ്കില്‍ മറ്റു നഗരങ്ങളിലെ ജനതയ്ക്ക് അതിനുള്ള അര്‍ഹതയില്ലേയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, പടക്കനിരോധനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നയം കൊണ്ടുവരുന്നുണ്ടെങ്കില്‍ അത് രാജ്യവ്യാപകമായി നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.

'ഡല്‍ഹിയിലുള്ള രാജ്യത്തെ ഉന്നത പൗരന്മാര്‍ക്ക് വേണ്ടി മാത്രമായി ഒരു നയം നടപ്പിലാക്കാന്‍ കഴിയില്ല. കഴിഞ്ഞ ശൈത്യകാലത്ത് ഞാന്‍ അമൃത്സറിലായിരുന്നു, അവിടുത്തെ മലിനീകരണം ഡല്‍ഹിയേക്കാള്‍ മോശമായിരുന്നു. 

പടക്കങ്ങള്‍ നിരോധിക്കുകയാണെങ്കില്‍, രാജ്യത്തുടനീളം നിരോധിക്കണം', ചീഫ് ജസ്റ്റിസ് പറഞ്ഞു. ഉന്നതര്‍ അവരുടെ കാര്യം സ്വയം നോക്കിക്കോളുമെന്നും മലിനീകരണം ഉണ്ടാകുമ്പോള്‍ അവര്‍ ഡല്‍ഹിക്ക് പുറത്തുപോകുമെന്നും ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തെ അനുകൂലിച്ച് സീനിയര്‍ അഭിഭാഷക അപരാജിത സിങ് അഭിപ്രായപ്പെട്ടു. 

പടക്കങ്ങള്‍ക്ക് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന് (സിഎക്യുഎം) ബെഞ്ച് നോട്ടീസ് അയച്ചു.

സാധാരണയായി ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ വരുന്ന ദീപാവലിയ്ക്ക് മുന്നോടിയായാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഈ സമയത്ത്, പടക്കം പൊട്ടിക്കുന്നതും വയലുകളിലെ കുറ്റികള്‍ കത്തിക്കുന്നതും കാരണം ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും വായുഗുണനിലവാരം ഗണ്യമായി കുറയാറുണ്ട്. 

കഴിഞ്ഞ ദീപാവലിക്ക് മുന്നോടിയായി അധികൃതര്‍ പടക്കനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും സമ്പൂര്‍ണ നിരോധനം, ചില എന്‍സിആര്‍ നഗരപ്രാന്തങ്ങളില്‍ പരിമിതസമയത്തേക്കുള്ള നിരോധനം, വില്‍പനയ്ക്കും സംഭരണത്തിനും കര്‍ശനമായ നിയമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.