/kalakaumudi/media/media_files/08S8ba4MF9gV77pzAC3y.jpg)
ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ അന്തിമതീരുമാനം വൈകും. എന്നാല്‍, ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പുറമേനിന്ന് കടമെടുക്കാനുള്ള അധികാരപരിധി ഉണ്ടോയെന്നും ഇതില്‍ കേന്ദ്രത്തിന് എത്രമാത്രം നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.