/kalakaumudi/media/media_files/2025/07/18/lalu-2025-07-18-16-19-02.jpg)
ന്യൂഡല്‍ഹി : ഭൂമി കുംഭകോണ കേസില്‍ സിബിഐയുടെ എഫ്ഐആറിനെ ചോദ്യം ചെയ്ത് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതിയുടെ വാദം കേള്‍ക്കല്‍ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
കേസില്‍ വാദം കേള്‍ക്കല്‍ വേഗത്തിലാക്കാന്‍ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവിട്ടത്. ജോലിക്ക് വേണ്ടി കൈക്കൂലിയായി ഭൂമി വാങ്ങിയ അഴിമതി കേസ് നടപടികളുടെ ഈ ഘട്ടത്തില്‍ വിചാരണ പ്രക്രിയയില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ജബല്‍പൂരിലെ വെസ്റ്റ് സെന്‍ട്രല്‍ സോണില്‍ നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. ജോലിക്ക് പകരമായി, സ്ഥാനാര്‍ത്ഥികള്‍ ലാലു യാദവിന്റെ കുടുംബവുമായോ കൂട്ടാളികളുമായോ ബന്ധമുള്ള വ്യക്തികള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുകയോ സമ്മാനമായി നല്‍കുകയോ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.