ഉദയനിധിക്കെതിരെ ക്രിമിനല്‍ നടപടി: നിരസിച്ച് സുപ്രീം കോടതി

തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സനാതന ധര്‍മം തൊട്ടുകൂടായ്മയും ജാതി വിവേചനവും പ്രോത്സാഹിപ്പിക്കുന്നതായാണ് കാണപ്പെടുന്നതെന്ന് ഉദയനിധിക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

author-image
Prana
New Update
sss

Supreme Court of India

സനാതന ധര്‍മ വിവാദവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ മൂന്ന് റിട്ട് പെറ്റിഷനുകള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പ്രസന്ന ബി വരല്‍, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഭരണഘടനാ അനുച്ഛേദം 32 പ്രകാരം റിട്ട് പെറ്റിഷന്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സനാതന ധര്‍മം തൊട്ടുകൂടായ്മയും ജാതി വിവേചനവും പ്രോത്സാഹിപ്പിക്കുന്നതായാണ് കാണപ്പെടുന്നതെന്ന് ഉദയനിധിക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഹിന്ദുമത വികാരം വ്രണപ്പെടുത്താന്‍ ഉദയനിധി പ്രസംഗത്തിനിടെ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. 2023 സെപ്റ്റംബറിലാണ് സനാതന ധര്‍മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കണമെന്നുമാണ് പൊതുപരിപാടിക്കിടെ ഉദയനിധി പ്രസംഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരെ നിരവധി പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനധര്‍മ അബോളിഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധിയുടെ പ്രതികരണം. സംഭവം വിവാദമായതോടെ നിരവധി പേരാണ് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

Supreme Court