2000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി എങ്ങനെയറിയാം? രാഹുലിന് സുപ്രീം കോടതിയുടെ താക്കീത്

2020 ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി

author-image
Biju
New Update
rahul

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രൂക്ഷമായ താക്കീത് നല്‍കി സുപ്രീം കോടതി.  രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്.

2020 ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. 2,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന അനധികൃതമായി കൈയേറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ 'കീഴടങ്ങലാ'ണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

'ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ഒരു യഥാര്‍ഥഇന്ത്യക്കാരനാണെങ്കില്‍... ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു', രാഹുലിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ജസ്റ്റിസ് ദത്ത പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി ചോദിച്ചു. എങ്കില്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ പറയാത്തതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നതെന്തിനാണെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു.

അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു. ലഖ്‌നൗവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്തുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി മേയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

 

rahul gandhi