ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി

ഡിഫൻസ് അക്കൗണ്ട്‌സ് വകുപ്പ് ജീവനക്കാരൻ മരിച്ചപ്പോൾ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാൻ വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

author-image
Devina
New Update
supreem court

ന്യൂഡൽഹി: ജനറൽ പ്രൊവിഡന്റ് ഫണ്ടിൽ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരൻ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി.

 ഡിഫൻസ് അക്കൗണ്ട്‌സ് വകുപ്പ് ജീവനക്കാരൻ മരിച്ചപ്പോൾ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാൻ വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2000ലാണ് ജീവനക്കാരൻ ജോലിക്കുചേർന്നത്. അന്ന് അമ്മ ആയിരുന്നു നോമിനി. 2003ൽ വിവാഹിതനായപ്പോൾ കേന്ദ്ര ജീവനക്കാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ്, ഗ്രാറ്റ്വിറ്റി എന്നിവയിൽ നിന്ന് അമ്മയുടെ പേരുമാറ്റി ഭാര്യയെ നോമിനിയാക്കി.

 പക്ഷേ, പിഎഫിലെ നോമിനിയെ മാറ്റിയിരുന്നില്ല. 2021 ൽ ജീവനക്കാരൻ മരിച്ചതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്.

ഭാര്യക്കും അമ്മയ്ക്കും തുല്യമായി പിഎഫ് തുക നൽകാനാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചത്.

എന്നാൽ, അമ്മയുടെ പേര് നോമിനിയിൽനിന്ന് മാറ്റിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഭാര്യക്ക് പിഎഫ് നൽകാനാവില്ലെന്ന് ഉത്തരവിട്ടു.

 എന്നാൽ ജീവനക്കാരൻ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിയുന്നതോടെ അത് അസാധുവാകുമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി.