കരണ്‍ ഥാപ്പറിനും സിദ്ധാര്‍ത്ഥ് വരദരാജനുമെതിരായ രാജ്യദ്രോഹക്കേസ് സെപ്റ്റംബര്‍ 15 വരെ തടഞ്ഞു

ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. അടുത്ത വാദം കേള്‍ക്കുന്നതുവരെ ഇരുവര്‍ക്കുമെതിരെ യാതൊരു നിര്‍ബന്ധിത നടപടിയും സ്വീകരിക്കരുതെന്ന് കോടതി അസം പൊലീസിന് നിര്‍ദ്ദേശം നല്‍കി

author-image
Biju
New Update
karan

ന്യൂഡല്‍ഹ: ദി വയര്‍ വെബ് പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദ രാജനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസില്‍ നടപടികള്‍ സെപ്റ്റംബര്‍ 15 വരെ തടഞ്ഞ് സുപ്രീം കോടതി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152 പ്രകാരം അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ അസം പൊലീസ് ഇവര്‍ക്ക് സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. 

ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. അടുത്ത വാദം കേള്‍ക്കുന്നതുവരെ ഇരുവര്‍ക്കുമെതിരെ യാതൊരു നിര്‍ബന്ധിത നടപടിയും സ്വീകരിക്കരുതെന്ന് കോടതി അസം പൊലീസിന് നിര്‍ദ്ദേശം നല്‍കി. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും ഇരുവരോടും കോടതി ആവശ്യപ്പെട്ടു. 

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഴയ രാജ്യദ്രോഹ നിയമമായ സെക്ഷന്‍ 124 എയുടെ പുതിയ രൂപമാണ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152 എന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും നേരെ തുടര്‍ച്ചയായി കേസെടുക്കുന്നത് മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കേസ് സെപ്റ്റംബര്‍ 15-ന് വീണ്ടും പരിഗണിക്കും.