/kalakaumudi/media/media_files/2024/12/10/vboaoh2igvNMgGCYg7uy.jpg)
പുതിയ ഹര്‍ജി സ്വീകരിക്കേണ്ടെന്നും നിര്‍ദേശം
മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സര്‍വേകള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുതെന്ന് കീഴ്‌കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ സ്യൂട്ട് ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ട് നിലവില്‍ പതിനൊന്ന് ഹര്‍ജികള്‍ ആണ് വിവിധ കോടതികളുടെ പരിഗണനയില്‍ ഉള്ളത്. ഈ സ്യൂട്ട് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവോ, അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുത് എന്നാണ് സുപ്രീം കോടതി നിര്‍ദേശം. മഥുര, ഗ്യാന്‍ വാപി, സംഭാല്‍ തുടങ്ങി വിവിധ മുസ്ലിം പള്ളികളില്‍ സര്‍വേകള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ കോടതികള്‍ക്ക് സാധ്യമാകില്ല.
ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു.