മറ്റൊരു സ്ത്രീയ്‌ക്കെതിരെ എങ്ങനെ ഇങ്ങനെ എഴുതാനാകും; രാഹുല്‍ കേസില്‍ അഡ്വ. ദീപയ്ക്കെതിരേ കോടതി

അതിജീവിതയെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചതിന് സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫിനെതിരെ കേരളാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ദീപ സുപ്രീം കോടതിയെ സമീപിച്ചത്.

author-image
Biju
New Update
DEEPA3

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ അതിജീവിതയെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ച അഭിഭാഷകയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു വനിതയ്ക്ക് എങ്ങനെയാണ് മറ്റൊരു വനിതയ്ക്കെതിരേ ഇങ്ങനെ എഴുതാന്‍ കഴിയുകയെന്ന് സുപ്രീം കോടതി ആരാഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയില്‍നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു പുരുഷന്‍ ആയിരുന്നു ഇത് എഴുതിയതെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യിക്കുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

അതിജീവിതയെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചതിന് സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫിനെതിരെ കേരളാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ദീപ സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ അതിജീവിതയെ അപമാനിച്ചിട്ടില്ലെന്ന് ദീപാ ജോസഫ് കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഭര്‍ത്താവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും ദീപാ ജോസഫ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, അതിജീവിതയുടെ ഭര്‍ത്താവ് അഭിഭാഷകയോട് പറയുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്താമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടാണോ ഇത്തരം ഒരു ഫെയ്സ്ബുക്ക് കുറിപ്പ് എന്നും കോടതി ആരാഞ്ഞു. അറസ്റ്റ് തടയാന്‍ വിസമ്മതിച്ച സുപ്രീം കോടതി, ദീപാ ജോസഫിന് ആവശ്യമെങ്കില്‍ കേസിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ദീപാ ജോസഫിന്റെ ഹര്‍ജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. അതിജീവിതയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ ഹാജരായി.