supreme court to hear 26 pleas on neet exam irregularities today
ഡൽഹി: യുജിസി നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.നീറ്റ് പരീക്ഷ റദ്ദാക്കണം, ഗ്രേസ് മാർക്ക് നൽകിയതിൽ അന്വേഷണം വേണം എന്നതടക്കം 26 ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.ഹർജികൾ കോടതി പരിഗണിക്കാനിരിക്കെ സോളിസിറ്റർ ജനറലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തി.
ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന ചോദ്യപേപ്പർ ചോർച്ച പരീക്ഷയെ ആകെ ബാധിച്ചിട്ടില്ലെന്നാണ് സർക്കാർ നിലപാട്. കോടതി കേസ് പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം നീറ്റ് കൗൺസിലിംഗിൽ സർക്കാർ വ്യക്തത വരുത്തിയിരുന്നു. നീറ്റ് യു ജി കൗൺസിലിംഗ് ഈമാസം 20 ന് ശേഷമേ ശേഷമേ ഉണ്ടാകൂ എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ആകെ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ കൗൺസിലിംഗിനുള്ള കമ്മറ്റിക്ക് വിവരം നൽകേണ്ടതുണ്ട്. കേസിൽ തീർപ്പ് വരുന്നത് വരെ കൗൺസലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.
അതെസമയം പുനഃപരീക്ഷ വേണ്ട എന്ന് ചൂണ്ടിക്കാട്ടിയും ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്.കൗൺസിലിംഗ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹർജിക്കാരിൽ ചിലർ ഉന്നയിച്ചെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല. കോടതി നൽകിയ നോട്ടീസിൽ കേന്ദ്രവും എൻ ടി എയും പരീക്ഷ റദ്ദാക്കുന്നത് പ്രയോഗിക നടപടിയാകില്ലെന്ന് മറുപടി നൽകിയിരുന്നു. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന സർക്കാരിന് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്.