/kalakaumudi/media/media_files/2025/08/12/sp-2025-08-12-14-32-35.jpg)
ന്യൂഡല്‍ഹി: ജീവപര്യന്തം തടവിനു ശിക്ഷിച്ച കുറ്റവാളികളെ നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ജീവിതാവസാനം വരെ തടവ് എന്നു പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത കുറ്റവാളികളെ വിട്ടയയ്ക്കാന്‍ ഇളവ് ഉത്തരവ് ആവശ്യമില്ലന്നും കോടതി പറഞ്ഞു. 2002ലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ്‌ദേവ് പെഹല്‍വാന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി.വി.നാഗരത്‌ന, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സുഖ്‌ദേവ് 20 വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ജയില്‍മോചിതനാക്കണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ കഴിയുന്ന പ്രതികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി, ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കിയ എല്ലാവരെയും ഉടന്‍ മോചിപ്പിക്കാനും നിര്‍ദേശിച്ചു. ഈ മനോഭാവം തുടര്‍ന്നാല്‍, എല്ലാ കുറ്റവാളികളും ജയിലില്‍ മരിക്കുമെന്നും കോടതി പറഞ്ഞു.
ജൂലൈ 29ന് സുഖ്ദേവ് പെഹല്‍വാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പുനഃപരിശോധനാ ബോര്‍ഡ് പ്രതിയുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഇതു തടഞ്ഞു. തുടര്‍ന്ന് 20 വര്‍ഷത്തെ തടവു ശിക്ഷ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയ പെഹല്‍വാന്‍, സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് തീര്‍പ്പാക്കുന്നത് വരെ സുഖ്ദേവിന് മൂന്നു മാസത്തെ താല്‍ക്കാലിക മോചനം അനുവദിച്ചിരുന്നു. വിധിന്യായത്തില്‍ പുനഃപരിശോധനാ ബോര്‍ഡിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബോര്‍ഡിന്റെ എന്തു പെരുമാറ്റമാണെന്ന് കോടതി ചോദിച്ചു.
ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക് ദവേ, പെഹല്‍വാനെ 20 വര്‍ഷത്തിനുശേഷം മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കോടതി വാദിച്ചു. 'ജീവപര്യന്തം' എന്നാല്‍ ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം ജയിലില്‍ ചെലവഴിക്കുക എന്നാണ് അര്‍ഥമാക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സുഖ്ദേവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് മൃദുല്‍, ശിക്ഷാ കാലയളവ് കഴിഞ്ഞതിനു ശേഷം പ്രതിയെ മോചിപ്പിക്കാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നു ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് പ്രതിയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്.