ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് (മങ്കിപോക്സ്) ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപോക്സ് ബാധിച്ചെന്നു സംശയിക്കുന്ന യുവാവിനു രോഗം സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം നടപടി സ്വീകരിച്ചെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
‘‘എംപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യത്തുനിന്ന് എത്തിയ യുവാവിനു രോഗലക്ഷണങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അസുഖമുണ്ടെന്ന സംശയത്താൽ രോഗിയെ ആശുപത്രിയിൽ ഐസലേറ്റ് ചെയ്തിരിക്കുകയാണ്. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എംപോക്സിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി സാംപിളുകൾ പരിശോധിക്കുന്നുണ്ട്.’’– കേന്ദ്രം അറിയിച്ചു.
രോഗം സ്ഥിരീകരിച്ചാൽ ഇന്ത്യയിലെ ആദ്യ എംപോക്സ് കേസായി ഇതു മാറും. അനാവശ്യ ആശങ്ക വേണ്ടെന്നും ഇത്തരം ഒറ്റപ്പെട്ട കേസുകളെ നേരിടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം എംപോക്സിനെ രാജ്യാന്തര തലത്തിൽ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 2022 ജനുവരി മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 120ലേറെ രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 220ലേറെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.