ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം 'സ്വദേശി' (മെയ്ക്ക് ഇന്‍ ഇന്ത്യ) മുന്നേറ്റത്തിന് തയ്യാറെടുക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ലോക സമ്പദ്വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കാരണം ഇന്ത്യന്‍ കയറ്റുമതിക്ക് തീരുവയും പിഴയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
'സ്വദേശി' നീക്കത്തിലൂടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ശനിയാഴ്ച തന്റെ മണ്ഡലമായ വാരണാസിയില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും 'സ്വദേശി' ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ഇന്ന് ലോക സമ്പദ്വ്യവസ്ഥ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുകയാണ്. അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഓരോ രാജ്യവും സ്വന്തം താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാന്‍ പോകുന്നു. അതിനാല്‍, രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ കര്‍ഷകര്‍, നമ്മുടെ വ്യവസായങ്ങള്‍, നമ്മുടെ യുവാക്കളുടെ തൊഴില്‍ ഇവയെല്ലാം നമുക്ക് പരമപ്രധാനമാണ്.'' പ്രധാനമന്ത്രി പറഞ്ഞു.
''ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും, ഏതൊരു നേതാവും, രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി സംസാരിക്കുകയും 'സ്വദേശി' വാങ്ങാന്‍ ദൃഢനിശ്ചയം ചെയ്യണമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. നമ്മള്‍ എന്തെങ്കിലും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, ഒരു മാനദണ്ഡം മാത്രമേ ഉണ്ടാകൂ: ഒരു ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കളാണ് നമ്മള്‍ വാങ്ങാന്‍ പോകുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ കഴിവ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ വിയര്‍പ്പ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങള്‍ നിര്‍മ്മിച്ച എന്തും നമുക്ക് 'സ്വദേശി'യാണ്.'' പ്രധാനമന്ത്രി പറഞ്ഞു.