മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞയ്ക്ക് സാധ്യത

ബിജെപിയും ശിവസേനയും എന്‍സിപിയും ആഘോഷങ്ങളിലേക്ക് കടന്ന് കഴിഞ്ഞെങ്കിലും ആരാകും മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി എന്നത് തന്നെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

author-image
Prana
New Update
hj

മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ബിജെപിയുടെ നിയമസഭ കക്ഷി യോഗം ചേര്‍ന്നേക്കും.ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്നാവിസുമായും അജിത് പവാറുമായും സംസാരിച്ചു. മഹാരാഷ്ട്രയിലെ വന്‍ വിജയത്തില്‍ മൂവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.ബിജെപിയും ശിവസേനയും എന്‍സിപിയും ആഘോഷങ്ങളിലേക്ക് കടന്ന് കഴിഞ്ഞെങ്കിലും ആരാകും മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി എന്നത് തന്നെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. സഖ്യത്തിലെ കക്ഷികള്‍ ഒന്നിച്ചിരുന്ന് ആലോചിച്ച് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചത്. മഹായുതിക്ക് മഹാവിജയം സമ്മാനിച്ച സംസ്ഥാനത്തെ സഹോദരിസഹോദരന്‍മാര്‍ക്കും കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ലഡ്കി ബഹന്‍ പദ്ധതിയാണ് തങ്ങള്‍ക്ക് ഇത്രയും വലിയ ഭൂരിപക്ഷം സമ്മാനിച്ചതെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളോട് ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ക്ക് വോട്ട് നല്‍കി.
അതുകൊണ്ട് തന്നെ തങ്ങളുടെ ഉത്തരവാദിത്തങ്ങളും വര്‍ധിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവരുള്‍പ്പെടെ ഇരുന്ന് ചര്‍ച്ച ചെയ്താകും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ജനത മഹായുതി സര്‍ക്കാരില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. ഉദ്ദവ് താക്കറെയുടെ ശിവസേനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണെന്നും ശിവസേന നേതാവ് നരേഷ് മഹാസ്‌കെ പറഞ്ഞു. ബാലസാഹിബ് താക്കറെയുടെ ശിവസേനയെ നയിക്കാന്‍ എന്ത് കൊണ്ടും യോഗ്യന്‍ ഏകനാഥ് ഷിന്‍ഡെ തന്നെയാണെന്ന മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രഖ്യാപനം കൂടിയാണിത്.
ഈ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച് കൊണ്ട് മഹാരാഷ്ട്ര ജനത സഞ്ജയ് റാവത്തിന്റെ മുഖത്ത് അടിച്ചിരിക്കുകയാണ്. ഏകനാഥ് ഷിന്‍ഡെ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേന പ്രവര്‍ത്തകനായ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

maharashtra Mahayuti alliance devendra fadnaviss eknath shinde assembly election