10 മിനിട്ടില്‍ ഭക്ഷണമെത്തിക്കാന്‍ സ്വിഗി

കൊച്ചി അടക്കമുള്ള ഇന്ത്യയിലെ 400 നഗരങ്ങളിൽ ഇനി ലഭ്യമാകും. ബോൾട്ട് സർവീസ് വഴി ഓർഡർ ചെയ്താൽ 10 മിനിറ്റിനുള്ളിൽ ആഹാരം ഉപഭോക്താവിന്റെ കൈകളിലെത്തും

author-image
Prana
New Update
SWIGG

ഫുഡ് ഡെലിവറി ഫ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ അതിവേഗ ഭക്ഷണ ഡെലിവറി സേവനമായ ബോൾട്ട് കൊച്ചി അടക്കമുള്ള ഇന്ത്യയിലെ 400 നഗരങ്ങളിൽ ഇനി ലഭ്യമാകും. ബോൾട്ട് സർവീസ് വഴി ഓർഡർ ചെയ്താൽ 10 മിനിറ്റിനുള്ളിൽ ആഹാരം ഉപഭോക്താവിന്റെ കൈകളിലെത്തും എന്നതാണ് പ്രത്യേകത.കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ബോൾട്ട് സേവനം ആദ്യഘട്ടത്തിൽ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, പൂനെ തുടങ്ങിയ വൻ നഗരങ്ങളിലായിരുന്നു  ലഭ്യമായിരുന്നത്.എന്നാൽ ഇപ്പോൾ ജയ്പൂർ, ലഖ്നൌ, അഹമ്മദാബാദ്, ഇൻഡോർ, കോയമ്പത്തൂർ, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്കും ബോൾട്ട് സർവീസ് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സ്വിഗ്ഗി പ്രസ്താവനയിൽ അറിയിച്ചു. ടയർ 2, ടയർ 3 നഗരങ്ങളായ റുർക്കി, ഗുണ്ടൂർ, വാറങ്കൽ, സോളൻ, നാസിക്, ഷില്ലോങ് എന്നിവിടങ്ങളിലേക്കും 10 മിനിട്ട് ഫുഡ് ഡെലിവറി സേവനം സ്വിഗി വിപുലീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് ബോൾട്ട് സർവീസിന് ആവശ്യക്കാരേറെ.ആവശ്യക്കാരുടെ എണ്ണത്തിൽ ഹരിയാനയും തമിഴ്നാടും ഗുജറാത്തും ബംഗാളും രാജസ്ഥാനും പഞ്ചാബും തൊട്ടു പിറകിലായുണ്ട്.

ബർഗർ, ചായ കാപ്പി, ശീതള പാനീയങ്ങൾ, പ്രഭാത ഭക്ഷണം എന്നിവ ബോൾട്ട് സേവനം ഉപയോഗിച്ച് ഓർഡർ ചെയ്യാൻ കഴിയും. തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം ആവശ്യമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ബോൾട്ട് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐസ്ക്രീം, മധുര പലഹാരങ്ങൾ, ലഘു ഭക്ഷണം എന്നിവയും ബോൾട്ട് വഴി ഓർഡർ ചെയ്യാം .എന്നാൽ ഉപഭോക്താക്കൾ അവരുടെ രണ്ട് കിലോമീറ്റർ പരിധിയിലുള്ള ഭക്ഷണശാലകളിൽ നിന്ന് വേണം ഭക്ഷണം ബോൾട്ട് സർവീസ് വഴി ഓർഡർ ചെയ്യാൻ. മുമ്പ് സ്വിഗ്ഗിയുടെ എതിരാളികളിൽ ഒരാളായ സൊമാറ്റോ പത്തു മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കുന്ന സേവനം പരീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് സേവനം നിർത്തുകയാണ് ഉണ്ടായത്.

swiggy