തഹാവൂര്‍ റാണയെ കൊച്ചിയിലേക്ക് എത്തിക്കുന്നു

മുംബയിലെ ഭീകരാക്രമണത്തിന് മുമ്പ് ഭീകരന്‍ തഹാവൂര്‍ റാണ് കൊച്ചിയിലെത്തിയിരുന്നുവെന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയതോടെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന

author-image
Biju
Updated On
New Update
kjkj

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രണക്കസിലെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ എന്‍ഐഎ. അമേരിക്കയില്‍ നിന്ന് എത്തിച്ച മുഖ്യസുത്രധാരന്‍ താഹാവൂര്‍ റാണെയെ ഇന്ന് മുതല്‍ എന്‍ഐഎ ചോദ്യം ചെയ്യും. എന്‍ഐഎ ഡയറക്ടറര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് ചോദ്യം ചെയ്യുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ചോദ്യം ചെയ്യല്‍.

പ്രത്യേക വ്യോമസേന വിമാനത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച് റാണയുടെ അറസ്റ്റ് എന്‍ഐഎ ഉടന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് രാത്രി 10.45ന് പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റെ മുന്നില്‍ ഹാജരാക്കി. പുലര്‍ച്ചെ വരെ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് പുലര്‍ച്ചെ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവ് വന്നത്. 18 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.

ഇനിയുള്ള ദിവസങ്ങളില്‍ ചോദ്യം ചെയ്യലും അതിനുശേഷം തെളിവെടുപ്പുമാണ് എന്‍ഐഎ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രണം നടന്നതിന് ഏതാനും ദവസം മുമ്പ് റാണ കൊച്ചിയിലും എത്തിയിരുന്നു. അതുകൊണ്ട് തന്നെ റാണയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ കേരളത്തിനും നിര്‍ണ്ണായകമാണ്. റാണ കൊച്ചിയില്‍ ആരെയൊക്കെ കണ്ടു, ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, എവിടെയെല്ലാം പോയി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.

മുംബയിലെ ഭീകരാക്രമണത്തിന് മുമ്പ് ഭീകരന്‍ തഹാവൂര്‍ റാണ് കൊച്ചിയിലെത്തിയിരുന്നുവെന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയതോടെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന. ഒന്നിലധികം തവണ ഇയാള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ഇതിന്റെ രേഖകള്‍ സഹിതമുള്ള തെളിവുണ്ടെന്നും ബെഹ്റ പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐഎ)യുടെ തീവ്രവാദത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഭാഗത്തിന്റെ മുന്‍ തലവനായിരുന്നു ബെഹ്റ.

2008 നവംബറില്‍ ആണ് തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത്. എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണ് അന്ന് ഇയാള്‍ തങ്ങിയത്. മുംബയ് ഭീകരാക്രമണ കേസിലെ മറ്റൊരു പ്രധാന സൂത്രധാരന്‍ ഡേവിഡ് ഹെഡ്ലിയെ ബെഹ്റ ഉള്‍പ്പെട്ട സംഘം അന്ന് ചോദ്യം ചെയ്തിരുന്നു. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടല്‍ ശൃംഖലകളില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അതില്‍ റാണയുടെ പേര് ഉണ്ടായിരുന്നു. റാണ എന്തിന് കൊച്ചിയില്‍ വന്നുവെന്ന് എന്‍ഐഎ അന്വേഷിക്കുമെന്നാണ് വിവരം.


മുംബൈ ആക്രമണത്തില്‍ ഭീകരര്‍ അടക്കം 174 പേരാണ് കൊല്ലപ്പെട്ടത്. 327 പേര്‍ക്ക് പരിക്കേറ്റു. നിരവധി വിദേശ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടമായി. അമേരിക്കന്‍ സ്വദേശികളായ ആറ് പേരും, ഇസ്രായേല്‍ സ്വദേശികളായ നാല് പേരും, ജര്‍മനിയില്‍ നിന്നുള്ള മൂന്ന് പേരും, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പേരും വീതവും ഇറ്റലി, ബ്രിട്ടണ്‍, നെതര്‍ലെന്‍സ്, ജപ്പാന്‍, ജോര്‍ദ്ദാന്‍, മലേഷ്യ, മൗറീഷ്യസ്, മെക്‌സിക്കോ, സിംഗപ്പൂര്‍, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരോ ആളുകളും കൊല്ലപ്പെട്ടു. ഭീകര വിരുദ്ധസേനയുടെ മേധാവിയായിരുന്നു ഹേമന്ത് കര്‍കരെയടക്കം, 15 പോലീസുകാരും ജീവത്യാഗംചെയ്തു. മലയാള സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചതും നാടിന്റെ കണ്ണീരോര്‍മ്മയാണ്.

രാജ്യം പേടിക്കുക മാത്രമല്ല നാണിച്ചുപോവുകയും ചെയ്ത ദിനങ്ങളായിരുന്നു അത്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സുരക്ഷ ഇത്രയേ ഉള്ളൂ എന്ന് ലോകരാജ്യങ്ങള്‍ ചോദിച്ച ദിനങ്ങള്‍. അജ്മല്‍ കസബ് എന്ന ഒരു ഭീകരനെ മാത്രമാണ് ജീവനോടെ പിടക്കാനായത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്യിബയാണ് മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പിന്നീട് തെളിഞ്ഞു.

ആക്രമണത്തിന്റെ സ്വഭാവം വെച്ച് ഒരുകാര്യം വ്യക്തമായിരുന്നു. പെട്ടെന്ന് നടന്ന ഒരു കാര്യമല്ല അത്. മാസങ്ങളുടെ ആസൂത്രണവും പരിശീലനമുള്ള പദ്ധതിയായിരുന്നു അത്. ഒരുപാട് ക്രിമിനല്‍ മസ്തിഷ്‌ക്കങ്ങള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും ഉറപ്പാണ്. അവരെ കണ്ടെത്താനായി പിന്നെ ഇന്ത്യയുടെ നീക്കം. ആഗോളഭീകരതയോട് പൊരുതുന്ന അമേരിക്കടയക്കമുള്ള രാജ്യങ്ങളും ഇവരെ കണ്ടെത്താന്‍ ഇന്ത്യക്ക് ഒപ്പമുണ്ടായിരുന്നു.

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ ഹുസൈന്‍ റാണ. ഇരുവരും ബാല്യകാല സുഹൃത്തുക്കള്‍. പാക് വംശജരായ വിദേശ പൗരന്‍മാര്‍. ഇരുവരും ഇപ്പോള്‍ അമേരിക്കയില്‍ ജയിലിലാണ്. ഇതില്‍ റാണയെ വിട്ടുകിട്ടാന്‍ ഇന്ത്യ വര്‍ഷങ്ങളായി ശ്രമിക്കുകയാണ്. ഇപ്പോള്‍ അത് ഫലപ്രാപ്തിയില്‍ എത്തുകയാണ്. 

മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യയ്ക്ക് കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്. പാക്ക് വംശജനായ ഈ കനേഡിയന്‍ പൗരനാണ് മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളെന്നാണ് ഇന്ത്യ പറയുന്നത്. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ഹര്‍ജി തള്ളിയത്. ഇതോടെ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ കേന്ദ്രം വേഗത്തിലാക്കിയിട്ടുണ്ട്. 64 കാരനായ തഹാവൂര്‍ റാണയെ ലോസ്ആഞ്ചല്‍സിലെ മെട്രോപോളിറ്റന്‍ ജയിലില്‍ അടച്ചിരിക്കുകയാണിപ്പോള്‍. പാക് വംശജനും മുസ്ലിം വിശ്വാസിയും ആയതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു 64 കാരനായ റാണയുടെ വാദം. തനിക്ക് വിവിധ അസുഖങ്ങള്‍ ഉണ്ടെന്ന റാണയുടെ വാദമെന്നും കോടതി പരിഗണിച്ചില്ല.

ഇന്ത്യ കഴിഞ്ഞ കുറേക്കാലമായി ഇന്ത്യ റാണയുടെ പിറകേയുണ്ട്. റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി. 'വളരെ അപകടകാരിയായ ഒരു മനുഷ്യനെ' യുഎസ് ഇന്ത്യയ്ക്ക് കൈമാറുകയാണെന്ന് ട്രംപ് പറഞ്ഞത്. ഈ നിലപാടിനെ അഭിനന്ദിച്ച മോദി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ദീര്‍ഘകാലമായി പിന്തുണച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. തന്നെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് നടപടിക്കെതിരെ റാണ തുടര്‍ച്ചയായി യുഎസ് കോടതികളില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കീഴ്‌ക്കോടതികള്‍ അപ്പീലുകള്‍ തള്ളിയതോടെയാണ് യുഎസ് സുപ്രീം കോടതിയെ റാണ സമീപിച്ചത്. ഇപ്പോള്‍ അതും തള്ളിയിരിക്കയാണ്. ഇതോടെ എന്തായാലും ഇന്ത്യക്ക് ഈ ഭീകരനെ വിട്ടുകിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്.

റാണയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതോടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ചോദ്യംചെയ്യലിലേക്കും വിചാരണാ നടപടികളിലേക്കും കടക്കാന്‍ സാധിക്കും. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള വ്യവസായിയും, കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയ്ക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഭീകരരുമായും പാക് നേതാക്കളുമായും ബന്ധപ്പെട്ടിരുന്നതായും ഇന്ത്യ കണ്ടെത്തിയിരുന്നു.

പാക് - യുഎസ് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി റാണ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നു തെളിവുണ്ട്. അമേരിക്കന്‍ സുപ്രീം കോടതി ഹരജി തള്ളിയതോടെ, റാണയുടെ ജീവതകഥയും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. പാക് ആര്‍മിയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഡോക്ടറായി ജോലിചെയ്യുന്നതിനിടെ മുങ്ങി, കാനഡയില്‍ പൊങ്ങി വന്‍ വ്യവസായി ആവുകയും, ഒടുവില്‍ പാക്ക് ചാരനാവുകയും ചെയ്ത, തഹാവൂര്‍ ഹുസൈന്‍ റാണയുടെ ജീവിത കഥ, തീര്‍ത്തും അസാധാരണം തന്നെയാണ്. 

1961 ജനുവരി 12 ന് പാകിസ്ഥാനിലെ പഞ്ചാബിലെ ചിചാവത്നിയിയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് തഹാവൂര്‍ ഹുസൈന്‍ റാണ ജനിച്ചത്. ബന്ധുക്കള്‍ എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരും, സമൂഹത്തില്‍ നിലയും വിലയും ഉള്ളവരും ആയിരുന്നു. പിതാവ് ലാഹോറിനടുത്തുള്ള ഒരു ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. റാണയുടെ സഹോദരന്മാരില്‍ ഒരാള്‍ പാകിസ്ഥാന്‍ സൈനിക ആശുപത്രിയിലെ മനോരോഗവിദഗ്ദ്ധനും എഴുത്തുകാരനുമാണ്. മറ്റൊരാള്‍ കനേഡിയന്‍ രാഷ്ട്രീയ പത്രമായ ദി ഹില്‍ ടൈംസിലെ പത്രപ്രവര്‍ത്തകനാണ്.

സ്‌കൂള്‍ കാലം തൊട്ടുതന്നെ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, റാണയുടെ അടുത്ത സുഹൃത്തായിരുന്നു. ദാവൂദ് സെയ്ദ് ഗീലാനി എന്നാണ് ഹെഡ്‌ലിയുടെ യഥാര്‍ത്ഥപേര്. ഹെഡ്‌ലിയുടെ മാതാവ് അമേരിക്കന്‍ വംശജയും, പിതാവ് പാക്കിസ്ഥാനിയുമാണ്. മിലിട്ടറി റെസിഡന്‍ഷ്യല്‍ കോളജ് ആയ ഹസന്‍ അബ്ദാല്‍ കാഡറ്റ് കോളജില്‍ പഠിക്കുന്നതിനിടെയാണ് ഹെഡ്‌ലിയുമായ റാണ കൂടുതല്‍ അടുപ്പമാവുന്നത്. എപ്പോഴും ഒന്നിച്ചുള്ളതിനാല്‍ ഇവര്‍ സഹോദരങ്ങളാണെന്ന് പലരും സംശയിച്ചു. ഇരുവരും തമ്മില്‍ സ്വവര്‍ഗാനുരാഗ ബന്ധം വരെ ചിലര്‍ സംശയിച്ചിരുന്നതായി സ്‌കൈ ന്യൂസ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 

പഠിക്കാനും റാണ മിടുക്കനായിരുന്നു. ഡോക്‌റായ അദ്ദേഹം, പാകിസ്ഥാന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചു. എന്നാല്‍ റാണ 1997- ല്‍ ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഡോക്ടറായ അദ്ദേഹവും ഭാര്യയും 2001 ജൂണില്‍ കനേഡിയന്‍ പൗരത്വം നേടി.

പാക് പട്ടാളത്തില്‍ നിന്ന് അനുമതിയില്ലാതെ മുങ്ങിയതിന് ആദ്യകാലത്ത് റാണക്കെതിരെ ജന്മനാട്ടില്‍ കേസുണ്ടായിരുന്നു. പാക്കിസ്ഥാനിലേക്ക് വരുന്നതിന് നിരോധനവും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ലഷ്‌ക്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകനും, ഐഎസ്‌ഐയുടെ ചാരനുമായി അദ്ദേഹം മാറി. സഹപ്രവര്‍ത്തകയും ഡോക്ടറുമായ സമ്രാസിനെയാണ് റാണ വിവാഹം കഴിച്ചത്. 97-ല്‍ സിയാച്ചിലേക്ക് മാറിയതോടെ കടുത്ത ശ്വാസതടസ്സത്തിന് കാരണമാവുന്ന പള്‍മണറി എഡിമ രോഗബാധിതനായി എന്നും അതിനാലാണ് സൈന്യത്തില്‍ നിന്ന് ഒളിച്ചോടിയത് എന്നുമാണ് റാണ പറയുന്ന വിശദീകരണം.

കാനഡയില്‍നിന്ന് റാണ പതുക്കെ അമേരിക്കയിലേക്ക് കടന്നു. തുടര്‍ന്ന്, ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ശേഷം, റാണ വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു. ഷിക്കാഗോ, ന്യൂയോര്‍ക്ക് , ടൊറന്റോ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഒരു ഇമിഗ്രേഷന്‍ സേവന ഏജന്‍സിയായ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ അദ്ദേഹം സ്ഥാപിച്ചു. മുംബൈയില്‍ വരെ അതിന് ബ്രാഞ്ചുകള്‍ ഉണ്ടായി. കോടീശ്വരനായ ഒരു വ്യവസായി എന്ന നിലയിലേക്ക് അയാള്‍ ഉയര്‍ന്നു. പക്ഷേ അവിടെയും മതപ്പണി റാണ കളഞ്ഞില്ല. ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ അദ്ദേഹം മറന്നില്ല.

ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി ആടുകള്‍, ചെമ്മരിയാടുകള്‍, പശുക്കള്‍ എന്നിവയെ അറുക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ഒരു ഹലാല്‍ കശാപ്പുശാലയും അദ്ദേഹം സ്ഥാപിച്ചു! ഷിക്കാഗോയുടെ വടക്കന്‍ ഭാഗത്തുള്ള ഒരു വീട്ടിലായിരുന്നു, റാണയുടെ കുടുംബം താമസിച്ചിരുന്നത്. മേല്‍ക്കൂരയിലെ വലിയ സാറ്റലൈറ്റ് ഡിഷ് ഉപയോഗിച്ച് ഇതിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നേരത്തെ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. അയല്‍ക്കാര്‍ അദ്ദേഹത്തെ, മറ്റുള്ളവരുമായി അപൂര്‍വ്വമായി ഇടപഴകാത്ത ഒരു ഏകാന്ത വ്യക്തിയായി വിശേഷിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കുട്ടികള്‍ പ്രാദേശിക കുട്ടികളുമായി ഇടപഴകാറില്ല. ശരിക്കും ഇസ്ലാമിക ജിഹാദികളുടെ അതേ രീതിയില്‍ തന്നെയായിരുന്നു റാണയുടെ പ്രവര്‍ത്തനം.

ബിസിനസ്സ് സംരംഭങ്ങള്‍ക്ക് പുറമേ, റാണയ്ക്ക് ഒട്ടാവയില്‍ ഒരു വീടുണ്ട് , അവിടെ അദ്ദേഹത്തിന്റെ അച്ഛനും സഹോദരനും താമസിക്കുന്നു. പക്ഷേ ഇവര്‍ക്ക് ആര്‍ക്കും ഭീകരസംഘടനകളുമായി ബന്ധമില്ല്. പക്ഷേ ഡോക്ടറും ബിസിനസ്മാനായുമൊക്കെ പ്രവര്‍ത്തിക്കുമ്പോഴും, റാണ ഭീകരസംഘടനയായ ചഷ്‌ക്കറെ ത്വയ്യിബയില്‍ അംഗമായിരുന്നു. പാക്ക് ചാരസംഘനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്നു. ഇതെല്ലാം പിന്നീടാണ് വെളിപ്പെട്ടത്.

പക്ഷേ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടല്ല റാണ അറസ്റ്റിലാവുന്നത്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ഡാനിഷ് ദിനപത്രമായ 'ജിലാന്‍ഡ്സ്-പോസ്റ്റ്' പ്രസിദ്ധീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ പത്രത്തില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ടാണ് റാണയെ അമേരിക്കന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2005-ലാണ് വിവാദ കാര്‍ട്ടുണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിന് പ്രതികാരം ചെയ്യാനായിരുന്നു, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നത്. റാണയുടെ ഓഫീസ് മറയാക്കിയാണ് ഡാനിഷ് പത്രത്തെ ഹെഡ്‌ലി സമീപിച്ചത്. നിയമ സേവനങ്ങള്‍ക്കായി ഒരു പരസ്യം നല്‍കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് നടിച്ചാണ് ഹെഡ്‌ലി ഈ പത്രഓഫീസില്‍ എത്തിയത്. ഇത് അല്‍ഖായിദ തീവ്രവാദികള്‍ക്കുവേണ്ടി സ്ഥലം പഠിക്കാനായിരുന്നു.

2009 ഒക്ടോബര്‍ 18 ന്, റാണയും ഹെഡ്ലിയും ചിക്കാഗോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നിരവധി തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായി. ആദ്യഘട്ടത്തില്‍ മുംബൈ ആക്രമണം ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് മുംബൈ ഭീകരാക്രണത്തിന്റെ ഗൂഢാലോചന, ലഷ്‌കറിന് പിന്തുണ നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടത്.

മുംബൈ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതിന് യുഎസ് കോടതി റാണയെ കുറ്റവിമുക്തനാക്കിയെങ്കിലും, ഭീകരതയ്ക്ക് ഭൗതിക സഹായം നല്‍കിയതിനും, മുംബൈ, കോപ്പന്‍ഹേഗന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹ ഗൂഢാലോചനക്കാരനായ ഡേവിഡ് ഹെഡ്ലിയെ സഹായിച്ചതിനും അയാള്‍ ശിക്ഷിക്കപ്പെട്ടു. അമേരിക്കന്‍ പൗരന്മാരെ കൊല്ലാന്‍ സഹായിച്ചു എന്നതുള്‍പ്പെടെ 12 കുറ്റങ്ങളാണ് റാണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2013-ല്‍ റാണയ്ക്ക് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആഗോള ഭീകരവാദ ശൃംഖലകളുമായുള്ള ബന്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും കാരണം റാണയുടെ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടി.

2020-ല്‍, കോവിഡ്-19 ബാധിച്ചതിനെത്തുടര്‍ന്നുള്ള അനുകമ്പാ ഹരജിവെച്ച് അദ്ദേഹം യുഎസിലെ ജയിലില്‍ നിന്ന് മോചിതനായി. ആ വര്‍ഷം അവസാനം, ഇന്ത്യ റാണയെ കെമാറാനുള്ള അഭ്യര്‍ത്ഥന പുതുക്കിയതിനെത്തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി.

ഭീകരവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുമായി മുന്‍ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനെ യുഎസ് ഫെഡറല്‍ അധികാരികള്‍ നേരിട്ട് ബന്ധപ്പെടുത്തിയ ആദ്യ സംഭവങ്ങളിലൊന്നാണ് റാണ ഉള്‍പ്പെട്ട കേസ്. ഇത് തീവ്രവാദ വിരുദ്ധ അന്വേഷണങ്ങളില്‍ ഒരു പ്രധാന പുരോഗതിയായി അടയാളപ്പെടുത്തുന്നു.

തീവ്രവാദികള്‍ക്കും പാകിസ്ഥാന്‍ സൈന്യത്തിലെ ഘടകങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വളരെക്കാലമായി സംശയിച്ചിരുന്നെങ്കിലും, ആഗോള ഭീകരതയില്‍ സൈനിക ഉദ്യോഗസ്ഥരുടെ കൂടുതല്‍ നേരിട്ടുള്ള പങ്കാളിത്തം റാണ-ഹെഡ്ലി ഗൂഢാലോചന എടുത്തുകാണിച്ചു. പാകിസ്ഥാന്‍ സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും ചിലര്‍ ഭീകരതയെ ശക്തമായി പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് അമേരിക്കക്ക് കൃത്യമായി ബോധ്യപ്പെട്ടത് റാണയുടെ അറസ്റ്റിലുടെയാണ്. ഇതോടെ ഭീകരതക്കെതിരായ നിലപാടുകള്‍ അമേരിക്ക കടുപ്പിച്ചു. ഫലത്തില്‍ പാക്കിസ്ഥാന് ഇത് വലിയ തിരിച്ചടിയായി. 

ലഷ്്കറെ ത്വയ്യിബ ആസുത്രണം ചെയ്ത മുംബൈ ആക്രമണത്തിന് തലച്ചോറായി പ്രവര്‍ത്തിച്ചത്, ഡേവിഡ് കേള്‍മാന്‍ ഹെഡ്‌ലിയാണെന്നും, അതിന് എല്ലാ സഹായവും ചെയ്തുകൊടുത്തത്, തഹാവുര്‍ റാണയാണെന്നുമാണ് റോയും എന്‍ഐയുമടക്കമുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നത്. ചോദ്യംചെയ്യലില്‍ റാണ മുംബൈ ആക്രമണകാലത്ത് നഗരത്തില്‍ പോയിരുന്നു എന്നും താജ് ഹോട്ടല്‍ സന്ദര്‍ശിച്ചുവെന്നും കണ്ടെത്തി. റാണ 2008 നവംബര്‍ 11 മുതല്‍ 21 വരെ ഇന്ത്യയില്‍ തുടര്‍ന്നതായി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. റാണയ്ക്കെതിരെ 400 ലധികം പേജുകളുള്ള കുറ്റപത്രം മുംബൈ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റാണയുടെ സ്ഥാപനത്തിന്റെ മുംബൈയിലെ ശാഖയാണ് ഭീകര്‍ക്ക് ഒത്താശ ചെയ്തത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ആക്രമണത്തിന് മുമ്പ് ഹെഡ്ലിയും മുംബൈയും ഇന്ത്യയിലെ മറ്റ് നഗരങ്ങളും സന്ദര്‍ശിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ അമേരിക്കന്‍ ഫെഡറല്‍ പ്രൊസിക്യൂട്ടര്‍മാര്‍ മുമ്പാകെ റാണ ഇത് സമ്മതിച്ചതാണ്. എന്നാല്‍ താജ്മഹല്‍ പാലസ് ടവറിലേക്കുള്ള തന്റെ യാത്ര ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ബിസിനസ്സിന്റെ ഭാഗമായാണ് എന്നാണ് അദ്ദേഹം വാദിച്ചത്. ഭാര്യയോടൊപ്പമാണ് ഈ സന്ദര്‍ശനമെന്നും, കാനഡയിലേക്കോ യുഎസിലേക്കോ കുടിയേറാന്‍ ആഗ്രഹിക്കുന്ന ആളുകളുമായി അഭിമുഖങ്ങള്‍ നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ ഇത് തെളിയിക്കാന്‍ റാണക്ക് കഴിഞ്ഞില്ല. 

താന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഒപ്പം ഭാര്യ സമ്രാസും, കൗമാരക്കാരിയായ മകള്‍ സോയയും ഉണ്ടായിരുന്നെന്നാണ് റാണ പറയുന്നത്. അവര്‍ എല്ലാം സ്വന്തം പേരുകളിലാണ് ടിക്കറ്റ് എടുത്തിരുന്നത്. യുപിയിലെ ഹാംപൂരിലും മീററ്റിലുമുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കൂടിയാണ് ഈ യാത്രയെന്നായിരുന്നു റാണയുടെ മൊഴി. പക്ഷേ പഠിച്ച കള്ളനായതുകൊണ്ടും ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസം കൊണ്ടുമാണ് റാണ അങ്ങനെ ചെയ്തത് എന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ബാല്യകാല സൗഹൃത്തും തന്റെ എല്ലാമെല്ലാമായ ഹെഡ്‌ലിക്കുവേണ്ടിയാണ് റാണ ഇതും ചെയ്തതെന്ന് പറയുന്നു. ഹെഡ്‌ലിയുടെ പിന്തുണയോടെ കുടിയേറ്റ രേഖകളില്‍ ക്രിത്രിമം കാണിച്ച് പല ഭീകരരെയും അവര്‍ അമേരിക്കയിലേക്കും കാനഡയിലേക്കും കൊണ്ടുവന്നിട്ടുണ്ട്. മുംബൈയില്‍ റാണയുടെ ഓഫീസിന്റെ ശാഖ തുറന്നതും ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്.

ഹെഡ്ലിയും, പാകിസ്ഥാന്‍ ഏജന്റും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്ന ഇടനിലക്കാരനായും റാണ പ്രവര്‍ത്തിച്ചിരുന്നു. പാകിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനും പിന്നീട് ഇസ്ലാമിക തീവ്രവാദി കമാന്‍ഡറുമായി മാറിയതുമായ ഇല്യാസ് കാശ്മീരിയുമായി റാണയും ഹെഡ്ലിയും ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അല്‍ഖായിദയുമായും, ലഷ്‌കനെ ത്വയിബ്ബയുമായും ബന്ധമുള്ള, ആഗോള ഭീകരതയില്‍ നിര്‍ണ്ണാക കണ്ണിയായിരുന്നു കാശ്മീരി.

അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും നടന്ന ആക്രമണങ്ങള്‍ ഉള്‍പ്പെടെ വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന് പേരുകേട്ട പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-ഇസ്ലാമി (ഹുജി) യുടെ നേതാവുമായിരുന്നു അദ്ദേഹം. ഈ കണ്ണിയിലുടെയാണ് ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ട് അടക്കം വന്നതെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. 

സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നിലെ സ്വയം പ്രഖ്യാപിത സൂത്രധാരനും അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവനുമായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്, മറ്റൊരു ഹൈജാക്കറായ മുഹമ്മദ് ആറ്റ തുടങ്ങിയ വ്യക്തികളുമായിപ്പോലും ഹെഡ്‌ലിക്കും റാണക്കും ബന്ധമുണ്ടായിരുന്നു. ഹെഡ്‌ലിയുടെ മൊഴികള്‍ തന്നെയാണ് റാണയെ കുടുക്കിയത്. അതിന്റെ പേരില്‍ അവര്‍ അടിച്ചുപിരിയുകയും ചെയ്തു. 2009-ല്‍ മുബൈ ഭീകരാക്രമണത്തില്‍ റാണക്ക് പങ്കുണ്ടെന്ന് ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ഹെഡ്‌ലിയെ ഒറ്റുകാരന്‍ എന്നാണ് റാണ വിശേഷിപ്പിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി ഹെഡ്‌ലി തന്നെ കരുവാക്കുകയായിരുന്നുവെന്നും റാണ ആരോപിക്കുന്നു. 

താജ്‌ഹോട്ടല്‍, ഛത്രപതി ശിവാജി ടെര്‍മിനില്‍ തുടങ്ങിയവടങ്ങളില്‍ ആക്രമണം നടത്താന്‍ നിരീക്ഷണം നടത്തുന്നതിനാണ് റാണ എത്തിയത് എന്നാണ് ഹെഡ്‌ലി മൊഴി നല്‍കിയത്. താന്‍ ചാരനായിപ്രവര്‍ത്തിക്കുന്നത് റാണക്ക് അറിയാമായിരുന്നുവെന്നും ലഷ്‌ക്കറുമായുള്ള ബന്ധത്തെ എതിര്‍ത്തില്ലെന്നും, ഹെഡ്‌ലി വിചാരണക്കിടെ മൊഴി നല്‍കിയിരുന്നു.

mumbai terror attack tahawwur rana