/kalakaumudi/media/media_files/2025/04/11/u7WOS8YHGDlHwt5sqWzj.jpg)
ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തഹാവൂര്‍ റാണയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയില്‍. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തെ 14 അടി വീതം നീളവും വീതിയുമുള്ള സെല്ലിലാണ് കൊടും ഭീകരനെ പാര്‍പ്പിച്ചിരിക്കുന്നത്. സിജിഒ കോംപ്ലക്‌സിലെ എന്‍ഐഎ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഈ സെല്‍ സ്ഥിതി ചെയ്യുന്നത്. എന്‍ഐഎ ആസ്ഥാനത്തിനു പുറത്ത് ഡല്‍ഹി പൊലീസിന്റെയും അര്‍ധ സൈനികരുടെയും സുരക്ഷാ വിന്യാസവും ഒരുക്കിയിട്ടുണ്ട്.
വിവിധ തലത്തിലുള്ള ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങളടങ്ങിയ സെല്ലിലാണ് റാണയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ശുചിമുറിയുള്ള ഈ മുറിയില്‍ ഒരു കിടക്കയുമുണ്ട്. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ സെല്ലിന് അകത്തേക്കു എത്തിച്ചു നല്‍കും. റൂമിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലൂടെ ഉദ്യോഗസ്ഥര്‍ റാണയെ നിരന്തരം നിരീക്ഷിക്കും. 24 മണിക്കൂറും ആയുധധാരികളായ ഉദ്യോഗസ്ഥര്‍ സെല്ലിനു പുറത്ത് കാവലുണ്ട്.
12 അംഗ എന്‍ഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. എന്‍ഐഎ മേധാവി, ഐജിമാര്‍, ഡിഐജി, എസ്പി ഉള്‍പ്പടെയുള്ള 12 അംഗ ഉദ്യോഗസ്ഥരാണ് ഈ സംഘത്തിലുള്ളത്. റാണയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലേക്ക് ഇവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ചോദ്യം ചെയ്യല്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യും. എന്‍ഐഎയെ കൂടാതെ റാണയെ ചോദ്യം ചെയ്യാനായി മറ്റു അന്വേഷണ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.