tamil nadu kallakurichi illicit liquor tragedy death toll again increased
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 33 ആയി ഉയർന്നു.100ലധികം പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 15 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ആരംഭിച്ചു.പുതുതായി ചുമതലയേറ്റ കള്ളക്കുറിച്ചി ജില്ലാ കളക്ടർ ആശുപത്രികളിലെത്തി രോഗികളെ സന്ദർശിച്ചു.
ഫൊറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം കണ്ടെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തമുണ്ടാവുന്നത്. ഗോവിന്ദരാജ് എന്നയാളിൽ നിന്നാണ് ദുരന്തത്തിൽപ്പെട്ടവർ മദ്യം വാങ്ങിക്കഴിച്ചത്. കസ്റ്റഡിയിലെടുത്ത ഗോവിന്ദരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടത്. ഇതിനിടെ, സംഭവം നടന്ന സമയത്ത് വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. പകരം മറ്റൊരാളെ കള്ളക്കുറിച്ചി ജില്ലാ കളക്ടറായി നിയമിക്കുകയും ചെയ്തു. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
സംഭവത്തിൽ മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛർദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
