തമിഴ്നാട് വ്യാജ മദ്യദുരന്തം: മരണം 18 ആയി; ഒരാൾ അറസ്റ്റിൽ, എസ്.പിക്ക് സസ്പെൻഷൻ, കളക്ടറെ സ്ഥലംമാറ്റി

വ്യാജമദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ വിറ്റ മദ്യത്തില്‍ മെഥനോളിന്റെ അംശമുണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി അധികൃതർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

author-image
Vishnupriya
Updated On
New Update
ta

ചികിത്സയിൽ കഴിയുന്ന ആൾ

Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. നാല്പതോളം പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍ ഉള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും.

വ്യാജമദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ വിറ്റ മദ്യത്തില്‍ മെഥനോളിന്റെ അംശമുണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി അധികൃതർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജടാവത്തിനെ സ്ഥലം മാറ്റി. എസ്.പി. സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്തു. എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍. രജത് ചതുര്‍വേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല. ഡി.എസ്.പിമാരായ തമിഴ്‌ശെല്‍വനേയും മനോജിനേയും സസ്‌പെന്‍ഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ദുരന്തത്തിന്റെ അന്വേഷണം സി.ബി- സി.ഐ.ഡിക്ക് കൈമാറി. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഉരുക്കു മുഷ്ടിയോടെ നേരിടുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. കള്ളക്കുറിച്ചിയില്‍ ചികിത്സയിലുള്ള 26 പേര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് മന്ത്രിമാരായ ഇ.വി. വേലുവിനോടും മാ. സുബ്രഹ്‌മണ്യനോടും സംഭവ സ്ഥലത്തേക്ക് തിരിക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ കള്ളക്കുറിച്ചിയിലേക്ക് നാലംഗ മെഡിക്കല്‍ സംഘത്തെ അയച്ചു. സേലത്തുനിന്നും തിരുവണ്ണാമലൈയില്‍നിന്നും കള്ളക്കുറിച്ചിയിലേക്ക് ഡോക്ടര്‍മാരെത്തിയിട്ടുണ്ട്. 12 ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

tamilnadu illicit liquor