/kalakaumudi/media/media_files/2025/12/26/tamil-car-2025-12-26-07-12-39.jpg)
ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ തൃച്ചി-ചെന്നൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട സര്‍ക്കാര്‍ ബസ് രണ്ട് കാറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ തിട്ടക്കുടിക്ക് സമീപമുള്ള എളുത്തൂരിലായിരുന്നു സംഭവം.
തൃച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് ഡിവൈഡര്‍ തകര്‍ത്ത് എതിര്‍വശത്തെ വരിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം ചെന്നൈയില്‍ നിന്ന് തൃച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് കാറുകളില്‍ ബസ് ഇടിച്ചു.
അപകടത്തില്‍ മരിച്ച ഒമ്പത് പേരും കാറുകളില്‍ യാത്ര ചെയ്തിരുന്നവരാണ്. ഇതില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു എന്നാണ് പ്രാഥമിക വിവരം. കാറുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ചെന്നൈ-തൃച്ചി ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
അപകടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
