/kalakaumudi/media/media_files/2025/12/22/vijay-stalin-2025-12-22-08-47-33.jpg)
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങിയതോടെ കരുതലോടെ നീങ്ങുകയാണ് ഡിഎംകെയും നായകന്‍ എംകെ സ്റ്റാലിനും. വിജയ് ടിവികെയെ നയിച്ചുകൊണ്ട് രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കിയതോടെ ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴുമെന്ന ആശങ്ക ഭരണകക്ഷിയില്‍ സജീവമാണ്. ഇതോടെ പതിവായി ചെന്നൈയില്‍ നടക്കുന്ന ഡിഎംകെയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള തിരുനെല്‍വേലിയിലേക്ക് മാറ്റി. വിജയ് ക്രിസ്ത്യാനിയായതിനാല്‍ ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ ടിവികെയിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. തിരുനെല്‍വേലിയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുത്തു.
വന്‍ പ്രഖ്യാപനങ്ങളും ഊ പരിപാടിയില്‍ സ്റ്റാലിന്‍ നടത്തി. എയ്ഡഡ് കോളേജുകളിലെ നിയമന സമിതികളില്‍ നിന്ന് സര്‍വകലാശാലാ പ്രതിനിധികളെ ഒഴിവാക്കി. വിശുദ്ധ നാട് തീര്‍ത്ഥാടനത്തിനുള്ള സബ്സിഡി വര്‍ദ്ധിപ്പിച്ചു. പുരാതന പള്ളികളുടെ നവീകരണത്തിന് ഗ്രാന്റ് അനുവദിച്ചു. സെമിത്തേരികള്‍ക്കായി ഭൂമി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗതമായി ഡി.എം.കെ മുന്നണിയെ പിന്തുണയ്ക്കുന്ന ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. അതേസമയം നാളെ വിജയ് നടത്തുന്ന ക്രിസ്മസ് പരിപാടിയും രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാണ്.
ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് തിരുനല്‍വേലിയിലെ ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ സംസാരിച്ചത്. ബിജെപിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം ഭരണഘടനാ മൂല്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ന്യൂനപക്ഷങ്ങള്‍ ഭയപ്പാടിലാണെന്നും പറഞ്ഞു. സിഎഎ പോലുള്ള നിയമങ്ങളെ ഡിഎംകെ എതിര്‍ത്തപ്പോള്‍ അണ്ണാ ഡിഎംകെയും ബിജെപിയും അതിനെ പിന്തുണച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന നയം അടിച്ചേല്‍പ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജന്‍ രംഗത്തെത്തി. മുഖ്യമന്ത്രി വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപിക്കെതിരെ വിഷം ചീറ്റുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
അതേസമയം ഡിഎംകെയെ പിന്തുണക്കുന്ന ക്രിസ്ത്യന്‍ സമൂഹം പല വിഷയങ്ങളിലും സര്‍ക്കാരിന്റെ നിലപാടുകളില്‍ അസംതൃപ്തരാണ്. എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കിടയില്‍ അസംതൃപ്തികള്‍ നിലനില്‍ക്കുന്നുണ്ട്. തസ്തികകള്‍ നികത്തുന്നതിലെ തടസ്സങ്ങളും രാഷ്ട്രീയ ഇടപെടലുകളും ക്രൈസ്തവ സഭകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ടിവികെയിലേക്ക് ചേക്കേറുന്ന സാഹചര്യമുണ്ടായാല്‍ 2026-ലെ പോരാട്ടം കടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
