ചെന്നൈ: സ്‌കൂളുകളിലെ ജാതിപ്പേര് ഒഴിവാക്കാനും പ്രത്യേക നിയമനിർമ്മാണം നടത്താനുമുള്ള ശിപാർശകൾ അടങ്ങിയ ഏകാംഗ സമിതിയുടെ റിപ്പോർട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു തമിഴ്നാട് സർക്കാറിന് സമർപ്പിച്ചു. ജസ്റ്റിസ് ചന്ദ്രു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ചൊവ്വാഴ്ചയാണ് റിപ്പോർട്ട് കൈമാറിയത്.
ഈ റിപ്പോർട്ടിലെ ശിപാർശകൾ തമിഴ്നാടിന്റെ ചരിത്രത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഓഗസ്റ്റിൽ തമിഴ്നാട്ടിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പതാം ക്ലാസുകാരനെയും സഹോദരിയെയും സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ജഡ്ജി കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ ഏകാംഗ കമീഷനെ നിയമിച്ചത്.
സർക്കാർ റിപ്പോർട്ട് പഠിച്ച് ഹ്രസ്വകാല ശുപാർശകൾ നടപ്പാക്കുന്നതിനുള്ള കർമപദ്ധതി ഉടൻ പ്രഖ്യാപിക്കും. കല്ലാർ, ആദി ദ്രാവിഡർ തുടങ്ങിയ ജാതി പദങ്ങൾ സ്‌കൂളുകളുടെ പേരുകളിൽ നിന്ന് ഒഴിവാക്കണമെന്നും അവയെ സർക്കാർ സ്‌കൂളുകൾ എന്ന് വിളിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ നടത്തുന്ന എല്ലാത്തരം സ്‌കൂളുകളും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൊണ്ടുവരാനുള്ള സംസ്ഥാന തീരുമാനം അടിയന്തരമായി നടപ്പാക്കണം.