/kalakaumudi/media/media_files/2025/10/25/tamil-2025-10-25-15-36-22.jpg)
ചെന്നൈ : ബീഹാറിന് പിന്നാലെ തമിഴ്നാട്ടിലും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്‌കരണം നടത്താന്‍ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം ഉടന്‍ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്‌നാട്ടില്‍ അടുത്ത ആഴ്ച മുതല്‍ എസ്ഐആര്‍ പ്രക്രിയ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
എഐഎഡിഎംകെയുടെ മുന്‍ എംഎല്‍എ ബി. സത്യനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചെന്നൈയിലെ ടി. നഗര്‍ മണ്ഡലത്തിലെ ഏകദേശം 13,000 എഐഎഡിഎംകെ അനുയായികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായാണ് മുന്‍ എംഎല്‍എ ആരോപിക്കുന്നത്.
1998 ല്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 208,349 ആയിരുന്നു, എന്നാല്‍ 2021 ആയപ്പോഴേക്കും അത് 36,656 ആയി മാത്രമേ വര്‍ദ്ധിച്ചുള്ളൂ എന്നാണ് ഹര്‍ജിക്കാരന്റെ പരാതി. ഡിഎംകെക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് വോട്ടര്‍ പട്ടിക ഉള്ളത് എന്നാണ് ഹര്‍ജിക്കാരന്റെ പരാതി.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. നിര്‍ദ്ദിഷ്ട എസ്ഐആര്‍ സമയത്ത് ഹര്‍ജിക്കാരന്റെ പരാതി പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് ഉറപ്പ് നല്‍കി.
ഹര്‍ജിക്കാരന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച കോടതി, വാദം കേള്‍ക്കല്‍ അടുത്ത ആഴ്ച വരെ മാറ്റിവച്ചു, ബിഹാര്‍ എസ്ഐആറുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് സമര്‍പ്പിക്കാനും മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
