/kalakaumudi/media/media_files/2025/10/09/tejaswi-2025-10-09-15-17-21.jpg)
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, വമ്പന്‍ വാഗ്ദാനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തുവന്നിരിക്കുകയാണ്. ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി ഉറപ്പിച്ചതിന് പിന്നാലെയാണ് വമ്പന്‍ വാഗ്ദാനങ്ങളുമായി എത്തിയത്. തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ ഓരോ വീടുകളിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് തേജസ്വി ഉറപ്പ് നല്‍കി.
സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്നതിന് അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ പുതിയ നിയമം നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമേറ്റെടുത്ത് 20 മാസത്തിനുള്ളില്‍ സംസ്ഥാനം പൂര്‍ണമായി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ ഓരോ വീടുകളിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും. സര്‍ക്കാര്‍ രൂപവത്കരിച്ച് 20 ദിവസത്തിനുള്ളില്‍ അതിനുള്ള നിയമം നടപ്പാക്കും. 20 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി ഇല്ലാത്ത ഒരു വീടുപോലും ഉണ്ടാകില്ല' -തേജസ്വി പറഞ്ഞു. സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ ആറ്, 11 തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 14ന് വോട്ടെണ്ണല്‍ നടക്കും.
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് 7.42 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി 65 ലക്ഷം വോട്ടര്‍മാരെ കരടു പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, തീവ്ര പരിഷ്‌കരണത്തിനിടെ (എസ്.ഐ.ആര്‍) പുതുതായി വെട്ടിമാറ്റിയ 3.66 ലക്ഷം പേരുടെ കാര്യത്തില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ആവശ്യപ്പെട്ടിരുന്നു.
അന്തിമ വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ത്ത വോട്ടര്‍മാരില്‍ നേരത്തേ കരട് പട്ടികയില്‍നിന്ന് പുറന്തള്ളിയ 65 ലക്ഷം വോട്ടര്‍മാരില്‍പ്പെട്ടവര്‍ ഉണ്ടോ എന്ന ആശയക്കുഴപ്പമുണ്ട്. എസ്.ഐ.ആര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ സഹായിക്കാനായതിനാല്‍ ജനങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് ബാഗ്ചി തുടര്‍ന്നു. പേരു വെട്ടിമാറ്റപ്പെട്ട ഒരാള്‍ പോലും പരാതിപ്പെട്ടിട്ടില്ലെന്നും ഡല്‍ഹിയിലുള്ള എന്‍.ജി.ഒകള്‍ക്കാണ് പ്രശ്‌നങ്ങളെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞപ്പോള്‍ ഇടപെട്ട ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി സുപ്രീംകോടതിയില്‍ വരുന്നത് ആരായാലും സുതാര്യതക്കുള്ള അവകാശങ്ങള്‍ തങ്ങള്‍ തുറന്നുവെക്കുന്നുവെന്ന് ഖണ്ഡിച്ചു.
അതിനിടെ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് എന്‍ഡിഎ, മഹാഖഡ്ബന്ധന്‍ മുന്നണികള്‍. ഇരുമുന്നണികളെ സംബന്ധിച്ചും സീറ്റ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ഭരണം ലക്ഷ്യമിടുന്ന എന്‍ഡിഎ മുന്നണിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 2020നെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചിരാഗ് പസ്വാന്റെ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാട് തന്നെയാണ് മുന്നണി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. 36 സീറ്റുകളില്‍ മത്സരിക്കണമെന്ന ആവശ്യമാണ് ചിരാഗിന്റെ പാര്‍ട്ടി മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് വിവരം. ഇതോടെയാണ് 2020ലെ സംഭവവികാസങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
2020ലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ലോക് ജനശക്തി പാര്‍ട്ടി എടുത്ത തീരുമാനം എന്‍ഡിഎ സംബന്ധിച്ച് സ്‌പോയിലര്‍ ആയിരുന്നു. ലോക് ജനശക്തി പാര്‍ട്ടിയുടെ തീരുമാനം ഏറ്റവും അധികം ബാധിച്ചത് നിതീഷ് കുമാറിന്റെ ജെഡിയുവിനെ ആയിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരലിലെണ്ണാവുന്ന സീറ്റുകള്‍ക്കാണ് എന്‍ഡിഎ മുന്നണി കേവലഭൂരിപക്ഷം സ്വന്തമാക്കിയത്. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയാതെ വന്നതോടെയാണ് മഹാഖഡ്ബന്ധന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്. എന്‍ഡിഎ മുന്നണിയില്‍ 74 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയു 43 സീറ്റിലേയ്ക്ക് ചുരുങ്ങിപ്പോയിരുന്നു. ചിരാഗ് പസ്വാന്‍ നേതൃത്വം നല്‍കിയിരുന്ന ലോക് ജനശക്തി പാര്‍ട്ടിയായിരുന്നു അന്ന് എന്‍ഡിഎയുടെ കൃത്യമായി പറഞ്ഞാല്‍ ജെഡിയുവിന്റെ സ്‌പോയിലര്‍ ആയി മാറിയത്.
ജെഡിയുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നായിരുന്നു അന്ന് ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎയില്‍ നിന്ന് പുറത്ത് വന്നത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ബിജെപിയുമായി വിഷയാധിഷ്ഠിത സഹകരണം തുടര്‍ന്നു കൊണ്ടായിരുന്നു ഈ നീക്കം. 'മോദി സേ ബെയര്‍ നഹി, നിതീഷ് തേരി ഖൈര്‍ നഹി (മോദിയുമായി ഒരു വഴക്കുമില്ല, പക്ഷേ നിതീഷേ, നിങ്ങളെ വെറുതെ വിടില്ല)' എന്നായിരുന്നു 2020ലെ തിരഞ്ഞെടുപ്പില്‍ ചിരാഗ് പസ്വാന്‍ ഉയര്‍ത്തിയ പ്രചാരണ മുദ്രാവാക്യം. എല്‍ജെപിയുടെ ഈ നീക്കം തിരഞ്ഞെടുപ്പില്‍ നിതീഷിന്റെ ജെഡിയുവിന് വലിയ തിരിച്ചടിയായി.
ജെഡിയു മത്സരിച്ച സീറ്റുകളില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ഇത് നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ ജെഡിയുവിനെ തോല്‍വിയിലേയ്ക്ക് നയിച്ചു. കുറഞ്ഞത് 27 മണ്ഡലങ്ങളില്‍ എല്‍ജെപി നേടിയ വോട്ടുകള്‍ ജെഡിയുവിന്റെ പരാജയപ്പെട്ട മാര്‍ജിനെക്കാള്‍ കൂടുതലായിരുന്നു. ഹസന്‍പൂരില്‍ തേജ് പ്രതാപ് യാദവ് വിജയിക്കാന്‍ കാരണം ഈ നിലയില്‍ എല്‍ജെപി ജെഡിയു വോട്ട് പിളര്‍ത്തിയത് മൂലമാണെന്നായിരുന്നു വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ജെപിയ്ക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. പക്ഷെ ജെഡിയുവിന്റെ സ്‌പോയിലര്‍ ഫാക്ടറായി എല്‍ജെപി മാറിയിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജെഡിയുവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന സീറ്റ് നിലയിലേക്ക് ജെഡിയു ചുരുങ്ങിയിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 28 സീറ്റുകളാണ് ജെഡിയുവിന് 2020ല്‍ കുറഞ്ഞത്.
മുന്നണിയില്‍ ബിജെപിക്ക് പിന്നില്‍ രണ്ടാമതായതോടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ ജെഡിയുവിന്റെ തലയെടുപ്പിനും കോട്ടം സംഭവിച്ചിരുന്നു. ഇപ്പോഴും ആ രാഷ്ട്രീയ വീഴ്ചയില്‍ നിന്ന് കരകയറാന്‍ ജെഡിയുവിന് സാധിച്ചിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും വമ്പന്മാരെ തോല്‍പ്പിക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് എല്‍ജെപി തെളിയിച്ചിരുന്നു. മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു ശതമാനത്തിനടുത്ത് വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ച് 5.66 ശതമാനം വോട്ട് ഷെയര്‍ എല്‍ജെപി സ്വന്തമാക്കിയിരുന്നു. 135 സീറ്റിലാണ് എല്‍ജെപി 2020ല്‍ മത്സരിച്ചത്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ജെപി പിളര്‍ന്നിരുന്നു. ചിരാഗ് പസ്വാന്റെ നേതൃത്വത്തില്‍ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) എന്ന പാര്‍ട്ടിയും രാംവിലാസ് പസ്വാന്റെ സഹോദരനായ പശുപതി പരസിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ലോക ജനശക്തി പാര്‍ട്ടിയുമായിട്ടായിരുന്നു എല്‍ജെപി പിളര്‍ന്നത്. പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ച ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) കരുത്ത് കാണിച്ചിരുന്നു. മത്സരിച്ച അഞ്ച് സീറ്റിലും ഇവര്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ വോട്ട് ഷെയറും സ്വന്തമാക്കി.
ഈ സാഹചര്യത്തിലാണ് നിലവില്‍ 36 നിയമസഭാ സീറ്റുകള്‍ എന്ന ആവശ്യം ചിരാഗ് പസ്വാന്‍ ഉയര്‍ത്തിയിരിക്കുന്നത്. ചെറിയ സഖ്യകക്ഷികള്‍ക്ക് വിജയിച്ച ലോക്സഭാ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സീറ്റുകള്‍ എന്നതാണ് സീറ്റ് വിഭജനത്തില്‍ എന്‍ഡിഎ സ്വീകരിച്ചിരിക്കുന്ന ഫോര്‍മുല. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് എംപിമാരുള്ള ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) പാര്‍ട്ടിക്ക് പരമാവധി 30 നിയമസഭാ സീറ്റുകള്‍ നല്‍കാമെന്നാണ് എന്‍ഡിഎ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവേളയില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തതിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പരിഗണന നല്‍കാമെന്ന് മുന്നണി നേതൃത്വം പറഞ്ഞിരുന്നത് ചൂണ്ടിക്കാണിച്ചാണ് 36 സീറ്റ് എന്ന ആവശ്യത്തില്‍ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) ഉറച്ച് നില്‍ക്കുന്നത്. ഇതിനിടെ സീറ്റ് വിഭജനവുമായി ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായി ചിരാഗ് പസ്വാന്‍ നേരിട്ട് ചര്‍ച്ച നടത്തില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ആവശ്യമെങ്കില്‍ ബിജെപിയുടെ ഉന്നത നേതൃത്വുമായി ചര്‍ച്ചകള്‍ നടത്താമെന്ന നിലപാടിലാണ് ചിരാഗ് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഒറ്റയ്ക്ക് മത്സരിക്കാന്‍ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) തീരുമാനിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ബിഹാറിലെ ജനസംഖ്യയുടെ ഏതാണ്ട് ഒന്‍പത് ശതമാനത്തോളം വരുന്ന പസ്വാന്‍ സമുദായത്തിന്റെ പിന്തുണയും ചിരാഗിന്റെ പാര്‍ട്ടിക്കുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ എന്‍ഡിഎയ്ക്ക് കിട്ടേണ്ട പസ്വാന്‍ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ചിരാഗിന്റെ പാര്‍ട്ടിക്ക് സാധിക്കും.
ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എന്‍ഡിഎ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കഴിയുമെന്ന് എല്‍ജെപി (ആര്‍) നേരത്തെ തെളിയിച്ചിട്ടുമുണ്ട്. ഇതെല്ലാമാണ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ ചിരാഗ് പസ്വാന് വിലപേശാനുള്ള ശേഷി നല്‍കുന്നത്. 'ബിഹാര്‍ ആദ്യം, ബിഹാറി ആദ്യം' എന്ന നിലപാട് പറഞ്ഞ് ചിരാഗ് വഴങ്ങാതെ നില്‍ക്കുമ്പോള്‍ സ്വന്തം സീറ്റുകളില്‍ കുറവ് വരുത്തി ബിജെപി എല്‍ജെപി (ആര്‍)നെ ഒപ്പം നിര്‍ത്തുമോ എന്നാണ് ഇനി അറിയേണ്ടത്.