/kalakaumudi/media/media_files/gqqFDDx2Ha7MELvCoQ9Y.jpeg)
സിനിമ തിയേറ്ററുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. 16 വയസ്സിന് താഴെയുള്ള കുട്ടികളെ രാവിലെ 11 മണിക്ക് മുമ്പും രാത്രി 11 മണിക്ക് ശേഷവും സിനിമാ തീയറ്ററുകളിൽ പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാന സർക്കാരിനും തിയേറ്ററുകൾക്കും ഹൈക്കോടതി നിർദേശം നൽകി.സംസ്ഥാനത്തെ ടിക്കറ്റ് നിരക്ക് വർധനയും പ്രത്യേക ഷോകളുടെ അനുമതിയും സംബന്ധിച്ച ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള തിയേറ്ററുകൾക്ക് നിർദേശം ബാധകമാണ്. നിർദേശം ലംഘിച്ചാൽ നടപടിയെടുക്കണമെന്നും ചർച്ച നടത്തി കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രാവിലെയും രാത്രിയിലും സിനിമാ പ്രദർശനം കാണാൻ കുട്ടികളെ വിലക്കുന്ന സിനിമാട്ടോഗ്രാഫി ആക്ട് നിയമങ്ങൾ ഉദ്ധരിച്ച് ജസ്റ്റിസ് വിജയസെൻ റെഡ്ഡിയാണ് ഉത്തരവിട്ടത്. അല്ലു അർജുൻ നായകനായ 'പുഷ്പ 2' പ്രീമിയർ ഷോയ്ക്കിടെ സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം കോടതി ചൂണ്ടിക്കാട്ടി. അന്തിമ തീരുമാനം വരുന്നതുവരെ ഈ സമയങ്ങളിൽ കുട്ടികളെ തീയേറ്ററിൽ വിലക്കണമെന്നും കോടതി ആവശ്യപ്പെട്ടു