Telangana phone tapping case
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനിടെ നടന്ന ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ നിര്‍ണായക സംഭവവികാസം. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നമ്പള്ളി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ആറുപേരെ പ്രതികളാക്കിയിട്ടുണ്ട്. മുഖ്യപ്രതികളായ മുന്‍ സ്പെഷ്യല്‍ ഇന്റലിജന്‍സ് (എസ്‌ഐബി) ഒഎസ്ഡി പ്രഭാകര്‍ റാവു, ആറാം പ്രതി അരുവുല ശ്രാവണ്‍ റാവു എന്നിവര്‍ ഒളിവിലാണ്. സസ്പെന്‍ഡ് ചെയ്യപ്പെട്ട അഡീഷണല്‍ എസ്പിമാരായ ഭുജംഗറാവു, തിരുപടന്ന, മുന്‍ ടാസ്‌ക് ഫോഴ്സ് ഡിസിപി രാധാകിഷന്‍ റാവു, സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡിഎസ്പി പ്രണീത്കുമാര്‍ എന്നിവര്‍ ജുഡീഷ്യല്‍ റിമാന്‍ഡിലാണ്.69 സാക്ഷികളുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്‌ഐബിയിലും ടാസ്‌ക് ഫോഴ്സിലും മുമ്പ് ജോലി ചെയ്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും നിരവധി സ്വകാര്യ വ്യക്തികളും ഇവരില്‍ ഉള്‍പ്പെടുന്നു. 68 പേജുള്ള കുറ്റപത്രത്തിനൊപ്പം ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുമുണ്ട്. സാങ്കേതികവശങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന.കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിനിടെ 1200 ഓളം ഫോണുകള്‍ 4 മാസത്തോളം ചോര്‍ത്തപ്പെട്ടതായി കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ചതായി എസ്‌ഐബി അഡീഷണല്‍ എസ്പി രമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 10ന് പഞ്ചഗുട്ട പൊലീസ് കേസെടുത്തു. കേസില്‍ തൊട്ടടുത്ത ദിവസം തന്നെ ഇതേ വകുപ്പിലെ ഡിഎസ്പിയായ പ്രണീത് റാവുവിനെ സസ്പെന്‍ഡ് ചെയ്തു.