/kalakaumudi/media/media_files/2025/02/23/8SGgD068KNl1zkhXA4Vo.jpg)
തെലങ്കാന: നാഗര്‍ കുര്‍ണൂലില്‍ ടണലിടിഞ്ഞ് വീണ് എട്ട് പേര്‍ അകത്ത് കുടുങ്ങി ഒന്നരദിവസം പിന്നിടുമ്പോള്‍ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍. ടണലിനകത്ത് വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാല്‍ സൈന്യമടക്കമുള്ള ദൗത്യസംഘത്തിന് അകത്തേക്ക് പ്രവേശിക്കാനാകുന്നില്ല. വലിയ ശേഷിയുള്ള പമ്പുകളുപയോഗിച്ച് വെള്ളവും ചെളിയും പമ്പ് ചെയ്ത് മാറ്റാനാണ് ദൗത്യസംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം.
ടണലിനകത്തെ എയര്‍ ചേംബറും കണ്‍വെയര്‍ ബെല്‍റ്റും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ജലസേചന പദ്ധതിയുടെ വമ്പന്‍ ടണലുകളിലൊന്നിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് ഇതിനകത്ത് എട്ട് പേര്‍ കുടുങ്ങിയത്. പ്രൊജക്റ്റ്, സൈറ്റ് എഞ്ചിനീയര്‍മാരായ രണ്ട് പേരും ആറ് തൊഴിലാളികളുമാണ് ടണലിനകത്ത് കുടുങ്ങിക്കിടക്കുന്നത്. ടണല്‍ നിര്‍മാണത്തിന് കരാറെടുത്ത കമ്പനിയുടെയും ബോറിംഗ് മെഷീന്‍ കൊണ്ട് വന്ന കമ്പനിയുടെയും ജീവനക്കാരാണ് അകത്ത് കുടുങ്ങിയിരിക്കുന്നത്.
പഞ്ചാബ്, യുപി, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ടണലിന്റെ പ്രവേശന കവാടത്തില്‍ നിന്ന് 13.5 കിലോമീറ്റര്‍ അകലെയാണിവരുള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 9 കിലോമീറ്ററിനപ്പുറം കണ്‍വേയര്‍ ബെല്‍റ്റടക്കം തകര്‍ന്ന് ചെളിയും വെള്ളവും മൂടിയ സ്ഥിതിയാണ്. മുട്ടറ്റം ചളിയും നാല് മീറ്ററോളം ഉയരത്തില്‍ വെള്ളവുമുണ്ട്. അകത്തേക്ക് ദൗത്യസംഘത്തിന് ഈ സാഹചര്യത്തില്‍ കടക്കാനാകില്ല.
അതിനാല്‍ 100 ഹോഴ്‌സ് പവര്‍ ശേഷിയുള്ള പമ്പുകള്‍ അകത്തെത്തിച്ച് ചെളിയും വെള്ളവും പമ്പ് ചെയ്ത് കളയാനുള്ള തീവ്രശ്രമത്തിലാണ് സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം.
പുറമേ നിന്ന് ടണലില്‍ അപകടമുണ്ടായ സ്ഥലത്തേക്ക് ഡ്രില്‍ ചെയ്ത് കടക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും മേല്‍ക്കൂര കൂടുതല്‍ ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് ആ ശ്രമം ദൗത്യസംഘം ഉപേക്ഷിച്ചു. ഒമ്പതര അടി വ്യാസമുള്ള ടണലിലെ ചെളിയും വെള്ളവും പമ്പ് ചെയ്ത് കളഞ്ഞാല്‍ അകത്തേക്ക് കടക്കാനാകുമെന്നാണ് ദൗത്യസംഘത്തിന്റെ കണക്കുകൂട്ടല്‍. രാത്രി മുഴുവന്‍ ടണല്‍ റേഡിയോയില്‍ അകത്ത് കുടുങ്ങിയവരോട് സംസാരിക്കാന്‍ ദൗത്യസംഘം ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും കിട്ടാതിരുന്നത് നിരാശയായി.
ടണലിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഊര്‍ന്നിറങ്ങി ദുര്‍ബലമായതാണ് ഇത്ര വലിയ ദുരന്തത്തിന് വഴി വച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷമായി നിര്‍ത്തി വച്ച ടണലിന്റെ നിര്‍മാണപ്രവൃത്തികള്‍ രണ്ടാഴ്ച മുന്‍പാണ് വീണ്ടും തുടങ്ങിയത്.
ടണലിന്റെ മൊത്തം ബലപരിശോധന അടക്കം നടത്തി ശ്രദ്ധയോടെ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. സൈന്യത്തിന് പുറമേ റാറ്റ് മൈനേഴ്‌സ് ഉള്‍പ്പടെ വിദഗ്ധസംഘത്തെക്കൂടി സ്ഥലത്തേക്ക് അടക്കാമെന്ന് കേന്ദ്രസര്‍ക്കാരും തെലങ്കാനയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.