/kalakaumudi/media/media_files/2025/03/09/FnbfiK8vp2Yi7hPWDeKH.jpg)
ഹൈദരാബാദ് : തെലങ്കാനയിലെ ടണല്‍ ദുരന്തത്തില്‍ ഒരു മൃതദേഹം കണ്ടെത്തി. തകര്‍ന്ന ബോറിംഗ് മെഷീന്റെ ഇടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൈയും മറ്റ് ചില ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പുറത്തേക്ക് എടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
നേരത്തെ കേരളത്തില്‍ നിന്ന് കൊണ്ട് പോയ രണ്ട് കെഡാവര്‍ നായ്ക്കള്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഉള്ള രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. കഡാവര്‍ നായ്ക്കള്‍ കണ്ടെത്തിയ ആദ്യത്തെ സ്‌പോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കേരളത്തില്‍ നിന്നുള്ള കഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയും ദുരന്തസ്ഥലത്ത് മനുഷ്യശരീരത്തിന്റെ ഗന്ധം ലഭിച്ച രണ്ട് ഇടങ്ങള്‍ കണ്ടെത്തിയിരുന്നു. മായയും മര്‍ഫിയും ടണലിന് അകത്ത് പരിശോധന നടത്തിയിരുന്നു. ഈ രണ്ട് ഇടങ്ങളിലേക്കും മണ്‍വെട്ടി കൊണ്ട് മാത്രമേ പരിശോധിക്കാന്‍ സാധിക്കുന്നുള്ളൂ.
മണ്ണ് കുഴിച്ച് പരിശോധിച്ചപ്പോള്‍ ദുര്‍ഗന്ധം പുറത്ത് വന്നിരുന്നു. വലിയ യന്ത്രസാമഗ്രികള്‍ ഇന്നും കൊണ്ട് വരാന്‍ കഴിഞ്ഞില്ല. ഒരു മാസമെങ്കിലും നീണ്ട ശേഷമേ ദൗത്യം അവസാനിപ്പിക്കാനാകൂ എന്ന് തെരച്ചില്‍ സംഘം അറിയിച്ചത്.
കഴിഞ്ഞ മാസം 22 നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ജലസേചന പദ്ധതിയുടെ വമ്പന്‍ ടണലുകളിലൊന്നിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് എട്ട് പേര്‍ കുടുങ്ങിയത്. പ്രൊജക്റ്റ്, സൈറ്റ് എഞ്ചിനീയര്‍മാരായ രണ്ട് പേരും ആറ് തൊഴിലാളികളുമാണ് ടണലിനകത്ത് കുടുങ്ങിയത്.
ടണല്‍ നിര്‍മാണത്തിന് കരാറെടുത്ത കമ്പനിയുടെയും ബോറിംഗ് മെഷീന്‍ കൊണ്ട് വന്ന കമ്പനിയുടെയും ജീവനക്കാരായിരുന്നു ഇവര്‍. പഞ്ചാബ്, യുപി, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഇവരെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ട് ദൗത്യസംഘം പിന്‍വാങ്ങുകയായിരുന്നു.