ത്രിപുരയില്‍ ക്ഷേത്രവിഗ്രഹം തകര്‍ന്ന നിലയില്‍; 12 വീടുകളും വാഹനങ്ങളും കത്തിച്ച് അക്രമികള്‍

പടിഞ്ഞാറന്‍ ത്രിപുരയിലെ റാണിര്‍ബസാര്‍ ജില്ലയിലെ 12 വീടുകളും നിരവധി വാഹനങ്ങളുമാണ് ഒരു കൂട്ടം ആളുകള്‍ തീവെച്ച് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

author-image
Prana
New Update
tripura
Listen to this article
0.75x 1x 1.5x
00:00 / 00:00

ത്രിപുരയില്‍ ക്ഷേത്രവിഗ്രഹം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീടുകളും വാഹനങ്ങളും കത്തിച്ചു. പടിഞ്ഞാറന്‍ ത്രിപുരയിലെ റാണിര്‍ബസാര്‍ ജില്ലയിലെ 12 വീടുകളും നിരവധി വാഹനങ്ങളുമാണ് ഒരു കൂട്ടം ആളുകള്‍ തീവെച്ച് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

അക്രമത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഘര്‍ഷം ലഘൂകരിക്കാന്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് സംഭവ സ്ഥലത്ത് നിയോഗിച്ചിട്ടുള്ളത്. റാണിര്‍ബസാര്‍ ഉള്‍പ്പെടുന്ന ജിരാണിയ സബ്ഡിവിഷനില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതില്‍ കൂടുതല്‍ ആളുകളോ കൂട്ടം കൂടി നില്‍ക്കരുതെന്നും ഉത്തരവുണ്ട്.

'കൈതുര്‍ബാരിയില്‍ കാളി ദേവിയുടെ പ്രതിഷ്ഠ തകര്‍ന്ന നിലയില്‍ കണ്ടതിന് പിന്നാലെ റാണിര്‍ബസാറിലെ 12 വീടുകള്‍ കത്തിച്ചു. കുറച്ച് ബൈക്കുകളും പിക്അപ് വാനുകളും കത്തിനശിച്ചിട്ടുണ്ട്,' അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആനന്ദ ദാസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഡിജിപി അനുരാഗ് ധന്‍കര്‍, വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചുവെന്ന് ആനന്ദ ദാസ് പറഞ്ഞു. പൊലീസ് സ്വമേധയാ കേസെടുക്കുമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ കത്തിച്ച സംഭവം ആശങ്കയുണ്ടാക്കുന്നുവെന്നും എല്ലാവരും ക്രമസമാധാനം പാലിക്കണമെന്നും തിപ്ര മോത്ത മേധാവി പ്രദ്യോത് കിഷോര്‍ മാണിക്യ ദെബ്ബാര്‍മ പറഞ്ഞു. 'നമ്മുടെ നാട് പ്രകൃതി ദുരന്തത്തില്‍ വലയുമ്പോള്‍ ചിലര്‍ മതരാഷ്ട്രീയം കളിക്കുന്നു. അക്രമികളെ അവരുടെ വിശ്വാസങ്ങള്‍ കണക്കിലെടുക്കാതെ തന്നെ ശിക്ഷിക്കണം. നിയമം എല്ലാവര്‍ക്കും ബാധകമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 19ന് ത്രിപുരയില്‍ ആരംഭിച്ച പ്രളയത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 1.17 ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു.

communal clash temple