/kalakaumudi/media/media_files/2025/09/11/maoist-2025-09-11-22-19-27.jpg)
റായ്പുര്‍: ഛത്തീസ്ഗഡിലെ ഗരിയാബന്ദില്‍ സുരക്ഷാസേന 10 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ മൊദേം ബാലകൃഷ്ണ ഉള്‍പ്പെടുന്നതായും പൊലീസ് പറഞ്ഞു തലയ്ക്ക് 1 കോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മൊദേം ബാലകൃഷ്ണ.
മൈന്‍പുര്‍ പൊലീസ് സ്റ്റേഷനു കീഴിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയതെന്ന് റായ്പുര്‍ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു. സ്‌പെഷല്‍ ടാസ് ഫോഴ്‌സ്, കോബ്ര, സംസ്ഥാന പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് കന്ധമാല്‍കാലാഹണ്ടിബൗധ്‌നായാഗഡ് (കെകബിഎന്‍) വിഭാഗത്തെ നയിച്ചിരുന്നയാളാണ് മൊദേം ബാലകൃഷ്ണ. തെലങ്കാനയിലെ വാറാങ്കല്‍ ജില്ലയിലാണ് ബാലകൃഷ്ണ ജനിച്ചത്. ബാലണ്ണ, രാമചന്ദര്‍, ഭാസ്‌കര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ബാലകൃഷ്ണ സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. എണ്‍പതുകളിലാണ് ബാലകൃഷ്ണ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുന്നത്.
10 പേരെ വധിച്ചതു കൂടാതെ 26 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബുധനാഴ്ച നാരായണ്‍പുര്‍ ജില്ലയില്‍ 16 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു. 'പൊള്ളയായ' മാവോയിസ്റ്റ് ആശയങ്ങളിലും നിഷ്‌കളങ്കരായ ആദിവാസികളോട് അവര്‍ ചെയ്യുന്ന ക്രൂരതകളിലും നിരാശരായാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയതെന്ന് നാരായണ്‍പുര്‍ പൊലീസ് സൂപ്രണ്ട് റോബിന്‍സണ്‍ ഗുരിയ പറഞ്ഞു.
തലയ്ക്ക് 8 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റിനെ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കെര്‍ ജില്ലയില്‍ ചൊവ്വാഴ്ച വധിച്ചിരുന്നു. ഛത്തീസ്ഗഡില്‍ ഈ വര്‍ഷം ഇതുവരെ 241 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.