കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജൂണിലും യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ദോഡ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റതാണ് ഒടുവില്‍ നടന്ന സംഭവം. ദോഡ ജില്ലയില്‍ തിങ്കളാഴ്ച രാത്രി സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള ഓഫീസറടക്കം നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്.