/kalakaumudi/media/media_files/BFPk9P0Qe7QiPLA95reV.jpg)
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്കു പരുക്ക്. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നു വൈറ്റ് നൈറ്റ് കോർപ് എക്സിൽ പറഞ്ഞു.
അതേസമയം, കഠ്‌വയിലെ ഖാന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇവരിൽനിന്ന് എകെ 47 തോക്കുകളും യുഎസ് നിർമിത എം4 കാർബൈനും പിസ്റ്റളും മാഗസിനുകളും മൊബൈൽ ഫോണും കണ്ടെത്തിയതായി സൈന്യം പറഞ്ഞു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിലിന് എത്തിയത്.
ജൂലൈയിൽ ദോഡയിൽ നാല് സൈനികർ വീരമൃത്യു വരിച്ച ആക്രമണത്തിനു പിന്നിലെ അതേ ഭീകരരാണ് കിഷ്ത്വാറിലും ആക്രമണം നടത്തുന്നതെന്ന് സൈന്യം അറിയിച്ചു. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണു പ്രദേശത്ത് ഭീകരാക്രമണം പതിവാകുന്നത്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ ഒന്നുവരെയാണു കശ്മീരിൽ വോട്ടെടുപ്പ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
