/kalakaumudi/media/media_files/2025/02/18/6nyU85NdKvoaLLi5GiKU.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലേക്ക് ആഗോള ഇലക്ട്രിക് വാഹനനിര്‍മ്മാണഭീമനായ ടെസ്ലയും എത്തുകയാണ്. അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ബഹുരാഷ്ട്ര കമ്പനി ഇന്ത്യയിലൊരിടം തേടി എത്തുന്നത്.
രാജ്യത്ത് വേരുറപ്പിക്കുന്നതിന്റെ ആദ്യപടിയെന്നോണം നിയമനങ്ങള്‍ നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കമ്പനി. ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്ത പരസ്യമാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
13 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സര്‍വീസ് ടെക്നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകള്‍ മുംബൈയിലും ഡല്‍ഹിയിലും , കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലുമാണ് ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഷോറൂം സ്പേസിലുള്ള തിരച്ചില്‍ ടെസ്ല ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ്യതലസ്ഥാനമംായ ഡല്‍ഹിയില്‍ തന്നെ ആദ്യ ഷോറൂം തുറക്കാനായിരുന്നു മസ്‌കിന്റെ പദ്ധതിയ ഇതിനായി ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്മെന്റ് കമ്പനിയായ ഡിഎല്‍എഫുമായി ടെസ്ല കൂടിക്കാഴ്ചയും നടത്തിയിരുന്നു.
കസ്റ്റമര്‍ എക്സ്പീരിയന്‍സ് സെന്റര്‍,ഡെലിവറി ആന്‍ഡ് സര്‍വ്വീസ് സൗകര്യങ്ങള്‍, എന്നിവ ഒരുക്കുന്നതിനായി 3000 മുതല്‍ 5000 സ്‌ക്വയര്‍ഫീറ്റ് വരെ വലിപ്പമുള്ള സ്ഥലമായിരുന്നു ടെസ്ല തേടിയിരുന്നത്. ഡല്‍ഹിയിലെ ഡി.എല്‍.എഫ്. അവന്യു മാള്‍, ഗുരുഗ്രാമിലെ സൈബര്‍ ഹബ്ബ് ഓഫീസ് ആന്‍ഡ് റീട്ടെയ്ല്‍ കോംപ്ലക്‌സ് തുടങ്ങിയ സ്ഥലങ്ങളാണ് ഷോറൂമിനായി ടെസ്ല പ്രധാന പരിഗണന നല്‍കിയിട്ടുള്ള സ്ഥലങ്ങള്‍. ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു തുടങ്ങിയ സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ ടെസ്ല ഇന്ത്യയില്‍ തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
അതേസമയം പുതിയ ഇലക്ട്രിക് വാഹന നയം അനുസരിച്ച് പ്രതിവര്‍ഷം 8000 യൂണിറ്റ് മാത്രമാണ് ഇളവുകളോടെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. ഈ ഇളവ് ഉപയോഗപ്പെടുത്തുന്ന കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. 4150 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനികള്‍ നടത്തേണ്ടത്. മൂന്ന് വര്‍ഷംകൊണ്ട് 30 ശതമാനവും അഞ്ച് വര്‍ഷംകൊണ്ട് 50 ശതമാനവും ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മിക്കണമെന്നും ഇ.വി നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇറക്കുമതി തീരുവ 110 ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനവും ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് മുതല്‍ക്കൂട്ടാവും. ടെസ്ല ഇന്ത്യയിലെത്തുന്നതോടെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കുകയെന്ന ഇന്ത്യന്‍ നയത്തിന് വലിയ സഹായമാകും.