/kalakaumudi/media/media_files/2026/01/12/ponkal-2026-01-12-11-17-52.jpg)
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ജനുവരി 15ന് (വ്യാഴം) പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണ് ഇത്.
വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കല്‍. വിളവെടുപ്പിന്റെ സമൃദ്ധി നല്‍കിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് ഇതു കൊണ്ടാടുന്നത്. ബോഗി പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷദിവസങ്ങള്‍. 14നാണ് ബോഗി പൊങ്കല്‍ ആഘോഷിക്കുന്നത്. പഴയ സാധനങ്ങളൊക്കെ കത്തിച്ചു കളഞ്ഞു പുതുമയെ വരവേല്‍ക്കുകയാണ് ബോഗി പൊങ്കലിന്റെ സങ്കല്‍പം.
വീടുകള്‍ ശുദ്ധിയും വൃത്തിയുമാക്കി കോലമിട്ടു അലങ്കരിക്കും. 15നു തൈപ്പൊങ്കല്‍ ദിവസമാണ് മണ്‍കലത്തില്‍ പൊങ്കല്‍ നിവേദ്യം അര്‍പ്പിക്കുക. പൊങ്കല്‍ അടുപ്പിനു സമീപത്തായി കരിമ്പ്, മഞ്ഞള്‍ക്കുല, വിവിധയിനം കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയും സമര്‍പ്പിക്കും. മാട്ടുപ്പൊങ്കല്‍ ദിനമായ 16നു കാര്‍ഷിക വൃത്തിയില്‍ തങ്ങള്‍ക്കു തുണയാകുന്ന കാളകളെ ആരാധിക്കുകയാണ് സങ്കല്‍പം. കാളകളെ കുളിപ്പിച്ച് അലങ്കരിച്ചു കൊമ്പുകളില്‍ ചായം പൂശി പൂജിക്കും. ഈ ദിവസം തമിഴ്‌നാട് ഗ്രാമങ്ങളില്‍ ജല്ലിക്കെട്ടു നടത്തുന്നതും പതിവാണ്. 17നു കാണുംപൊങ്കല്‍ ദിവസത്തെ പ്രധാന പരിപാടി ബന്ധുക്കളുടെ വീടുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.
തമിഴ്‌നാട്ടില്‍ വന്‍ ആഘോഷം, 4 ദിവസം അവധിപൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്. കന്യാകുമാരി ജില്ലയിലും പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കല്‍ ആഘോഷം നടന്നു വരുന്നു. പൊങ്കലിനോടനുബന്ധിച്ചു നാഗര്‍കോവിലിലെ അപ്ടാ, വടശ്ശേരി പച്ചക്കറി മാര്‍ക്കറ്റുകളില്‍ കരിമ്പ്, മഞ്ഞള്‍ക്കുല, കിഴങ്ങുവകകള്‍ എന്നിവയുടെ വന്‍ശേഖരം എത്തിക്കഴിഞ്ഞു. ഒരു കരിമ്പിനു 5070 രൂപയാണ് വില. മധുര മേലൂരില്‍ നിന്നാണ് കരിമ്പ് നാഗര്‍കോവില്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. തലപ്പൊങ്കലിനു (ആദ്യ പൊങ്കല്‍) പൊങ്കല്‍പ്പടി കൊടുക്കുന്ന സമ്പ്രദായവും തമിഴകത്തു നിലവിലുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
