തമിഴിസൈ സൗന്ദർരാജനോടു ദേഷ്യത്തോടെ സംസാരിക്കുന്ന അമിത് ഷാ
ചെന്നൈ: പൊതുവേദിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി താക്കീത് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. രാഷ്ട്രീയ പ്രവർത്തനവും മണ്ഡലത്തിലെ സാന്നിധ്യവും ശക്തമാക്കണമെന്നാണ് അമിത് ഷാ തന്നോട് ഉപദേശിക്കുകയായിരുന്നു എന്നാണു വിശദീകരണം. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘‘2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി അമിത് ഷായെ ആന്ധ്രപ്രദേശിൽ കണ്ടപ്പോൾ, ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും അതിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചു. എല്ലാം വിശദമായി പറയാൻ തുടങ്ങിയപ്പോൾ, സമയക്കുറവ് കാരണം, രാഷ്ട്രീയ–മണ്ഡല പ്രവർത്തനങ്ങൾ ഊർജിതമായി നിർവഹിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇതേപ്പറ്റിയുള്ള അനാവശ്യ ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്’’– എക്സിൽ തമിഴിസൈ കുറിച്ചു. സംഭവത്തിനു ശേഷം ചെന്നൈയിലേക്കു മടങ്ങിയെത്തിയ തമിഴിസൈ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല.
തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്കു വിളിച്ചുവരുത്തി അമിത് ഷാ ദേഷ്യത്തോടെ സിറിൽ ചുണ്ടി താക്കിത് ചെയ്തു എന്ന തരത്തിലാണു ദൃശ്യങ്ങൾ പ്രചരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുടെ തോൽവിക്കു പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു ശാസനയെന്നായിരുന്നു വാർത്തകൾ. വെങ്കയ്യ നായിഡുവുമായി സംസാരിക്കവെ , വേദിയിലേക്കു കടന്നുവന്ന തമിഴിസൈ സൗന്ദരരാജനെ തിരിച്ചുവിളിച്ചാണ് അമിത് ഷാ സംസാരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന തമിഴിസൈയും പരാജയപ്പെട്ടിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
