2010ല്‍ ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് വ്യോമസേന മേധാവി

42 സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമായ ഇടത്ത് 30 സ്‌ക്വാഡ്രണ്‍ മാത്രമാണ് ഇപ്പോള്‍ വ്യോമസേനയുടെ കൈവശമുള്ളത്. ആറാം തലമുറ യുദ്ധവിമാനങ്ങള്‍ ചൈന പരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.

author-image
Prana
New Update
ap sing airforce chief

സൈന്യത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ എ.പി. സിങ്. 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് എ.പി. സിങ് പറഞ്ഞു. ചൈനയടക്കമുള്ള ശത്രുരാജ്യങ്ങള്‍ അവരുടെ വ്യോമസേനയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ പ്രതിരോധരംഗത്തെ ഉത്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നു സുബ്രതോ മുഖര്‍ജി സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
1984-ലാണ് ഇന്ത്യ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. അവിടുന്ന് 17 വര്‍ഷം കഴിഞ്ഞാണ് ആദ്യമായി വിമാനം പറത്തുന്നത്. പിന്നെയും 15 വര്‍ഷം കഴിഞ്ഞ് 2016ലാണ് തേജസ് സൈന്യത്തിന്റെ ഭാഗമായത്. ഇപ്പോള്‍ 2024ല്‍ എത്തി. ആദ്യം ഓര്‍ഡര്‍ നല്‍കിയ 40 വിമാനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് നമ്മുടെ ഉത്പാദനശേഷി- എ.പി. സിങ് പറഞ്ഞു. വൈകുന്ന സാങ്കേതിക വിദ്യ, നിഷേധിക്കപ്പെടുന്ന സാങ്കേതികവിദ്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്പാദനത്തില്‍ സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്നും എ.പി. സിങ് പറഞ്ഞു. ഉത്പാദനം മത്സരാധിഷ്ഠിതമായാല്‍ മാത്രമേ മാറ്റമുണ്ടാവു. മിഗ് 21ന് പകരമായാണ് തേജസ് യുദ്ധവിമാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡാണ് വിമാനം വികസിപ്പിച്ചത്.
42 സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമായ ഇടത്ത് 30 സ്‌ക്വാഡ്രണ്‍ മാത്രമാണ് ഇപ്പോള്‍ വ്യോമസേനയുടെ കൈവശമുള്ളത്. ആറാം തലമുറ യുദ്ധവിമാനങ്ങള്‍ ചൈന പരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.

Tejas aircraft fighter Jets indian air force