/kalakaumudi/media/media_files/2025/07/27/kanya-2025-07-27-13-40-17.jpg)
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചു 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കു നേരെ കയ്യേറ്റമുണ്ടായെന്നും ഇവരുടെ വിശദീകരണം വകവയ്ക്കാതെയാണു പൊലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും സിബിസിഐ ആരോപിച്ചു.
കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റവും ചുമത്താന്‍ ശ്രമം നടക്കുന്നുവെന്നു സഭാ വൃത്തങ്ങള്‍ ആരോപിക്കുന്നു.
പെണ്‍കുട്ടികള്‍ നിലവില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ്. പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ദുര്‍ഗിലേക്ക് എത്തിയതെന്നു ബോധ്യപ്പെടുത്താന്‍ ഇവരുടെ മാതാപിതാക്കള്‍ എത്തിയെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനയ്‌ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ ശക്തികളാണു ആരോപണതതിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആരോപിച്ചു.
വിഷയം പാര്‍ലമെന്റിലും ഉയര്‍ത്താനുള്ള നീക്കത്തിലാണു കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ആന്റോ ആന്റണി എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ അക്രമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാധാരണമാകുകയാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. സാമൂഹിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കന്യാസ്ത്രീകള്‍ക്കെതിരായ നടപടി അപലപനീയമാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി റഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നും കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടസ് എംപി ഛത്തീസ്ഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്കു കത്തയച്ചു. റായ്പുര്‍ ആര്‍ച്ച് ബിഷപ് ഡോ. വിക്ടര്‍ ഹെന്റി ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയ പി. സന്തോഷ് കുമാര്‍ എംപി, ആനി രാജ എന്നിവര്‍ വിഷയത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നു വ്യക്തമാക്കി.
അസീസി സിസ്റ്റേഴ്‌സ് ഓ മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കന്യാസ്ത്രികള്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി എത്തിയ 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പെണ്‍കുട്ടികളും അതിലൊരാളുടെ സഹോദരനും ഇവിടെ എത്തിയിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരില്‍ ആരോ ഒരാള്‍ തീവ്രവഹിന്ദുത്വ സംഘടനകളില്‍പ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.
നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തി. പിന്നാലെ കന്യാസ്ത്രീകളെയും പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും സന്യസ്ത വിഭാഗത്തിന്റെ അധികൃതര്‍ വ്യക്തമാക്കി. സന്യാസ സമൂഹത്തിന്റെ അധികൃതരും സിബിസിഐയുടെ നിയമവിഭാഗവും ദുര്‍ഗിലെത്തിയിട്ടുണ്ട്.