10 പേരുടെ മരണത്തിനിടയാക്കിയ കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടത്തിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി റെയിൽവെ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. കൃത്യമായ സൂചനകൾ നൽകാത്തതും തെറ്റായ സന്ദേശങ്ങളുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടമുണ്ടാകാൻ അധികൃതർ കാത്തിരുന്നു എന്ന ഗുരുതരമായ പരാമർശമാണ് റിപ്പോർട്ടിൽ ഉള്ളത്.
കഞ്ചൻജംഗ ചരക്ക് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസിൽ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റിനെ കുറ്റം പറഞ്ഞെങ്കിലും സ്റ്റേഷൻ മാസ്റ്ററും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും നിസ്സംഗതയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രംഗപാണി – ചട്ടർഹഥ് സ്റ്റേഷനുകൾക്കിടയിൽ ഓട്ടോമാറ്റിക്ക് സിഗ്നൽ സംവിധാനത്തിൽ തകരാറുണ്ടായിരുന്നുവെന്നും ലോക്കോപൈലറ്റുമാർക്ക് നൽകിയ നിർദേശങ്ങളിൽ ഈ മേഖലകളിലൂടെ വേഗത കുറച്ചുപോകണമെന്ന നിർദ്ദേശമേ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു.
അതേസമയം ലോക്കോപൈലറ്റുമാർക്ക് വാക്കി ടോക്കി നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ മുന്നറിയിപ്പ് നല്കാതിരുന്നതിനാൽ ലോക്കോപൈലറ്റ് ഈ മേഖലകളിലൂടെ ട്രെയിൻ വേഗതയിൽ ഓടിക്കാമെന്നാണ് കരുതിയിരുന്നത്. ഇത് അപകടത്തിന് വഴിവെച്ചു. 110 കിലോമീറ്റർ വേഗതയിൾ ട്രെയിൻ ഓടിക്കാൻ അനുവാദമുള്ള ഈ മേഖലയിൽ ഗുഡ്സ് ഓടിയിരുന്നത് 78 കിലോമീറ്റർ വേഗതയിലായിരുന്നു. മുൻപിൽ തീവണ്ടി കണ്ടയുടനെ ലോക്കോപൈലറ്റ് ബ്രേക്ക് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ ട്രെയിൻ വേഗത 40 കിലോമീറ്ററിനും മുകളിലായിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടം നടന്ന ദിവസം സിഗ്നലിങ് സംവിധാനം പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായി. സിഗ്നലിങ് തകരാർ കണ്ടിട്ടും ഓട്ടോമാറ്റിക്ക് ബ്ലോക്ക് സിസ്റ്റം എന്ന സംവിധാനത്തിലേക്ക് മാറാനും ഉദ്യോഗസ്ഥർ തയ്യാറായില്ല.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ സാക്ഷ്യം വഹിച്ച പ്രധാന ട്രെയിൻ അപകടങ്ങളിലൊന്നായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടം. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപം ചരക്ക് ട്രെയിൻ കാഞ്ചൻജംഗ എക്‌സ്പ്രസിൽ ഇടിച്ച് ലോക്കോ പൈലറ്റടക്കം പത്ത് പേരാണ് മരിച്ചത്.