ഇന്ത്യൻ ഭരണഘടനയുടെ 75–ാം വാർഷിക ദിന ആഘോഷങ്ങൾക്ക് തുടക്കമായി. പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ഭരണഘടനയുടെ ആമുഖം രാഷ്‌ട്രപതി ദ്രൗപദി മുർമുർ പാർലമെന്റ് അംഗങ്ങൾക്ക് വായിച്ചു കേൾപ്പിച്ചു. തുടർന്ന് 75 രൂപയുടെ പ്രത്യേക നാണയവും പ്രകാശനം ചെയ്തു. കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പിആർ കവായ്, സൂര്യകാന്ത്, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് കപിൽ സിബൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 2 വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം രൂപപ്പെടുന്നത് .1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമായിരുന്നു. ഈ ദിവസം രാജ്യത്തിന്റെ സ്വയം ഭരണത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും ഉദയത്തെയാണ് അടയാളപ്പെടുത്തുന്നത്.
വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അന്തരീക്ഷത്തിന് അനുസൃതമായി ഭരണഘടന രാജ്യത്തിൻ്റെ പുരോഗതിയെ നയിക്കുന്നു.1950- ജനുവരി 26 മുതൽ നിലവിൽ വന്ന ഭരണഘടന നടപ്പാക്കിയ ദിവസമാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി നമ്മൾ ആഘോഷിക്കുന്നത്.
ഈ വർഷം ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികമാണ്. സമ്മേളനത്തോടനുബന്ധിച്ച് സുപ്രീം കോടതിയിൽ ഇന്ന് പ്രത്യേക ആഘോഷങ്ങൾ കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് സുപ്രീം കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കും.