/kalakaumudi/media/media_files/2025/09/11/amit-2025-09-11-14-18-21.jpg)
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം നുണയെന്ന് കോണ്‍ഗ്രസ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടും ജവഹര്‍ലാല്‍ നെഹ്റുവിനെയാണ് പ്രധാനമന്ത്രിയാക്കിയതെന്ന വാദം നുണയും ഭാവനയുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
''കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പില്‍ 28 വോട്ടുകള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനും രണ്ട് വോട്ടുകള്‍ ജവഹര്‍ലാല്‍ നെഹ്റുവിനും ലഭിച്ചു. എന്നിട്ടും രണ്ട് വോട്ടുകള്‍ മാത്രം ലഭിച്ച നെഹ്റു പ്രധാനമന്ത്രിയായി' എന്നായിരുന്നു അമിത് ഷാ നടത്തിയ പരാമര്‍ശം.
കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ പിയൂഷ് ബാബലെയുടെ വിഡിയോ എക്സില്‍ പങ്കുവച്ചു. ലോക്സഭയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞ നിരവധി നുണകളിലൊന്ന് പൂര്‍ണ്ണമായും തുറന്നുകാട്ടിയെന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.
''നെഹ്റുവിനെ കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തി എന്ന മട്ടിലാണ് ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. സത്യത്തില്‍ അവര്‍ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന, പ്രത്യേകിച്ച് നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ (1903-1964) 100 വാല്യങ്ങളിലുള്ള മെറ്റീരിയലുകളാണ് അവര്‍ ഉപയോഗിക്കുന്നത്'' മറ്റൊരു പോസ്റ്റില്‍ രമേശ് പറഞ്ഞു.
''ഇതെല്ലാം അവര്‍ അവരുടെ ഭാവനയില്‍ ഉണ്ടാക്കുന്ന കഥകളാണ്. 1946-ല്‍ വോട്ടെടുപ്പ് നടന്നുവെന്ന് അവര്‍ (ബിജെപി, ആര്‍എസ്എസ്) പറയുന്നതുപോലെ, അത്തരമൊരു വോട്ടെടുപ്പ് നടന്നിട്ടില്ല. ഇത് നുണയാണ്. അന്ന് പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. രാഷ്ട്രപതിയെ നിയമിച്ചു, എന്നാല്‍ കലാപവും ക്രമസമാധാനവും തകര്‍ന്ന നിലയിലായിരുന്നതിനാല്‍ രാജ്യത്തിന്റെ സ്ഥിതി മോശമായിരുന്നു. സംഘര്‍ഷം നിലനിന്നിരുന്നു. സിംല കരാര്‍ പ്രകാരം, പ്രശ്നങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിര്‍ബന്ധം പിടിച്ചിരുന്ന സമയമായിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല, ' രമേശ് പറഞ്ഞു.
'മഹാത്മാഗാന്ധി തിരഞ്ഞെടുക്കുന്നയാള്‍ പ്രസിഡന്റാകുന്നത് അന്ന് നിലനിന്നിരുന്ന ഒരു രീതിയായിരുന്നു. 1946-ലും അത് തന്നെയാണ് സംഭവിച്ചത്. സര്‍ദാര്‍ പട്ടേല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. അവസാന ദിവസം വരെ നെഹ്റു നാമനിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാതിരുന്നപ്പോള്‍ മറ്റൊരാളാണ് അത് ചെയ്തത്. വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍, ഈ സാഹചര്യത്തില്‍ നെഹ്റുവിനെ പ്രസിഡന്റാക്കണമെന്ന് തീരുമാനിച്ചു. അതിനാല്‍ പട്ടേല്‍ പിന്മാറി. ഇതിന് മുന്‍പും നെഹ്റു തന്റെ പിന്‍ഗാമിയാകുമെന്ന് ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അമിത് ഷായും രാഹുല്‍ ഗാന്ധിയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. വോട്ടു കൊള്ള, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എന്നിവ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളാണ് തര്‍ക്കത്തിലേക്കു നയിച്ചത്. വോട്ടു കൊള്ള എന്ന പേരില്‍ പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നു അമിത് ഷാ പറഞ്ഞപ്പോള്‍ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
