/kalakaumudi/media/media_files/2025/08/30/court-2025-08-30-12-50-58.jpg)
ദില്ലി: കനത്ത മഴയും മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമെല്ലാം ഹിമാചൽ പ്രദേശിൽ തുടർച്ചയായി ദുരിതം വിതയ്ക്കുകയാണ്. മനുഷ്യർ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ച് സുപ്രീം കോടതി അടുത്തിടെ ശക്തമായ ഒരു മുന്നറിയിപ്പു നൽകിയിരുന്നു. ഹിമാചൽ പ്രദേശിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പ്രകൃതി അസ്വസ്ഥമാണെന്നായിരുന്നു ജൂലൈ 28-ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. കാര്യങ്ങൾ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ, ഹിമാചൽ പ്രദേശ് മുഴുവൻ രാജ്യത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ലെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും കോടതി പറഞ്ഞിരുന്നു.ഷിംലയിലെ ശ്രീ താര മാതാ കുന്നിനെ 'ഗ്രീൻ ഏരിയ' ആയി പ്രഖ്യാപിച്ച ഹിമാചൽ സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പ്രിസ്റ്റൈൻ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹിമാചൽ പ്രദേശിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്. ഹർജി തള്ളുകയും സംസ്ഥാനത്തിന്റെ തീരുമാനം കോടതി ശരിവയ്ക്കുകയും ചെയ്തു. ഹിമാചലിന്റെ പാരിസ്ഥിതിക പ്രതിസന്ധി കൂടുതൽ വഷളാകുകയാണെന്ന് കാണിക്കാൻ സുപ്രീം കോടതി ഈ കേസ് ഉപയോഗിച്ചു.
വർഷങ്ങളായി തുടരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും അശ്രദ്ധമായ പാരിസ്ഥിതിക രീതികളും ഹിമാചൽ പ്രദേശിൽ ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഈ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേർ മരിച്ച സംഭവങ്ങളും കോടതി പരാമർശിച്ചു. നാലുവരി പാതകൾക്കും തുരങ്കങ്ങൾക്കും വേണ്ടി അശാസ്ത്രീയമായി കുന്നുകൾ ഇടിച്ചുനിരത്തുക, ജലജീവികളുടെ തിരോധാനത്തിന് കാരണമാകുന്ന ജലവൈദ്യുത പദ്ധതികളുടെ നിർത്താതെയുള്ള പ്രവർത്തനം, ഹിമാലയൻ നദിയായ സത്ലജ് ഒരു അരുവിയായി ചുരുങ്ങി തുടങ്ങിയ കാര്യങ്ങളും ജഡ്ജിമാർ ചൂണ്ടിക്കാണിച്ചിരുന്നു. പരിസ്ഥിതിയെയും ബലികഴിച്ച് വരുമാനം ഉണ്ടാക്കാനാകില്ലെന്ന സന്ദേശമാണ് ജഡ്ജിമാർ നൽകിയത്.