'ബുദ്ധിജീവികള്‍ ഭീകരവാദികളായി മാറുമ്പോള്‍ കൂടുതല്‍ അപകടകാരികള്‍'; കലാപക്കേസില്‍ കടുത്ത പരാമര്‍ശവുമായി ഡല്‍ഹി പൊലീസ്

സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഉപയോഗിച്ച് പഠിച്ച് ഡോക്ടറുമാരും ആക്ടീവിസ്റ്റുകളുമാകുന്നവര്‍ നേരിട്ട് ആയുധമെടുക്കുന്ന ഭീകരരേക്കാള്‍ അപകടകാരികള്‍ ആകുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ആഞ്ഞടിച്ചു

author-image
Biju
New Update
delhi 2

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദ് അടക്കം പ്രതികളുടെ ജാമ്യപേക്ഷയിലെ വാദത്തിനിടെ കടുത്ത പരാമര്‍ശവുമായി ഡല്‍ഹി പൊലീസ്. ഡല്‍ഹി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യമിട്ട് ആയിരുന്നുവെന്ന് വാദിച്ച അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജു ചെങ്കോട്ട സ്‌ഫോടനവും പരാമര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഉപയോഗിച്ച് പഠിച്ച് ഡോക്ടറുമാരും ആക്ടീവിസ്റ്റുകളുമാകുന്നവര്‍ നേരിട്ട് ആയുധമെടുക്കുന്ന ഭീകരരേക്കാള്‍ അപകടകാരികള്‍ ആകുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ആഞ്ഞടിച്ചു.

ജാമ്യപേക്ഷയില്‍ ഏഴാം ദിനത്തിലെ വാദത്തിലാണ് പ്രതികളായ ഉമര്‍ ഖാലിദ്, ഷെര്‍ജില്‍ ഇമാം എന്നിവര്‍ക്കെതിരെ കടുത്ത പരാമര്‍ശം പൊലീസിനായി ഹാജരായ എഎസ് ജി എസ് വി രാജു ഉന്നയിച്ചത്. പൊലീസ് കണ്ടെത്തിയ തെളിവുകള്‍ക്കൊപ്പം രാഷ്ട്രീയ വാദങ്ങള്‍ കൂടിയാണ് എഎസ്ജി ഉന്നയിച്ചത്. ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പ്രതികള്‍ ആസൂത്രണം നടത്തിയത്. ഭരണം അട്ടമറിക്കുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. 

റോഡ് ഗതാഗതം അടക്കം തടസപ്പെടുത്തി നഗരം സ്തംഭിക്കണം എന്ന നിര്‍ദ്ദേശം പ്രതികള്‍ നല്‍കി. നിലവിലുള്ള ഭരണം അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ബുദ്ധിജീവികള്‍ ഭീകരവാദികളായി മാറുമ്പോള്‍ അവര്‍ കൂടുതല്‍ അപകടകാരികള്‍ ആകുന്നു. ആയുധം എടുത്ത് നേരിട്ട് എത്തുന്ന ഭീകരരേക്കാള്‍ രാജ്യവിരുദ്ധര്‍ ഇത്തരം ബുദ്ധിജീവികള്‍ ആണ്. 

ഇവരാണ് യഥാര്‍ത്ഥ ബുദ്ധികേന്ദ്രം. സര്‍ക്കാരുകള്‍ നല്‍കുന്ന സബ് സിഡിയടക്കം ഉപയോഗിച്ച് പഠിച്ചാണ് ഇവര്‍ ഡോക്ടര്‍മാരും ആക്ടിവിസ്റ്റുകളുമാകുന്നത്. ഇത്തരം ഒരു ആക്രമണമാണ് ചെങ്കോട്ടയില്‍ കണ്ടതെന്നും എസ്വി രാജു വാദിച്ചു. ഷര്‍ജീല്‍ ഇമാമിന്റെ പ്രകോപനപരമായ പ്രസംഗം എന്ന് പൊലീസ് ആരോപിക്കുന്ന ദൃശ്യങ്ങളും കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. മുസ്ലീം സ്റ്റുഡന്റ് ഓഫ് ജെഎന്‍യു എന്ന പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഉമര്‍ ഖാലിദു ഷര്‍ജീലും വര്‍ഗീയമായി വിദ്യാര്‍ത്ഥികളെ തിരിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് ആരോപിച്ചു. കേസില്‍ നാളെയും വാദം തുടരും.