ഒരു ദശാബ്ദം മുന്‍പ് സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോള്‍ ആന്ധ്രയ്ക്ക് നഷ്ടമായത് അവരുടെ അഭിമാനസ്തംഭമായ തലസ്ഥാനം കൂടിയായിരുന്നു. പുതിയൊരു തലസ്ഥാനം പരിഗണിക്കുമ്പോള്‍ അഭിമാനികളായ തെലുഗു ജനതയ്ക്ക് അത് കേവലമൊരു തലസ്ഥാന നഗരി മാത്രമായാല്‍ പോരായിരുന്നു. അഞ്ചുകോടി ജനതയുടെ സ്വപ്‌നസാക്ഷാത്കാരം എന്ന നിലയിലാണ് അത്ഭുതരാജധാനി എന്ന കണക്കേ അമരാവതി പദ്ധതി പ്രഖ്യാപിക്കപ്പെടുന്നത്. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ശതവാഹന രാജവംശത്തിന്റെ കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായിരുന്നു അമരാവതി. പിന്നീട് ഉപേക്ഷിക്കപ്പെട്ട കൃഷ്ണ നദീതീരത്തെ ആ മണ്ണിലാണ് തങ്ങളുടെ സ്വപ്‌നനഗരി കെട്ടിപ്പൊക്കാന്‍ 2014-ല്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തിരുമാനിച്ചത്.
എന്നാല്‍, രാഷ്ട്രീയകാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ അമരാവതി വീണ്ടുമൊരു നഷ്ടനഗരമായി മാറി. ഇപ്പോഴിതാ വീണ്ടും ഗ്രീന്‍ഫീല്‍ഡ് തലസ്ഥാന പദ്ധതിക്ക് ജീവന്‍ വെക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി 49,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അമരാവതിയില്‍ തുടക്കം കുറിച്ചത്. വര്‍ഷങ്ങളുടെ കാലതാമസത്തിനും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവില്‍ അമരാവതിക്ക് ജീവന്‍ വെക്കുമ്പോള്‍ ആന്ധ്ര പ്രദേശ് രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായത്തിന് കൂടിയാണ് തുടക്കമാവുന്നത്.
അമരാവതിയിലേക്ക് ആന്ധപ്രദേശിന്റെ തലസ്ഥാന ചര്‍ച്ചകള്‍ എത്തുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലമുണ്ട്. സ്വാതന്ത്ര്യ സമര സേനാനി പോറ്റി ശ്രീരാമുലുവിന്റെ 52 ദിവസം നീണ്ടുന്നിന്ന നിരാഹാര സമരത്തെയും രക്തസാക്ഷിത്വത്തെയും തുടര്‍ന്നാണ് ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്ര പ്രദേശ് പിറവിയെടുക്കുന്നത്. 1956-ല്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ തെലുങ്ക് സംസാരിക്കുന്ന നൈസാമിന്റെ ഹൈദരാബാദ് ആന്ധ്രയോട് കൂട്ടിച്ചേര്‍ത്തു. അതുവരെ കുര്‍ണൂല്‍ ആയിരുന്നു ആന്ധ്രയുടെ തലസ്ഥാനം. നൈസാമിന്റെ സമ്പത്തിന്റെ പിന്‍ബലത്തില്‍ വന്‍നഗരമായി പേരെടുത്തിരുന്ന ഹൈദരാബാദ് വൈകാതെ സമ്പൂര്‍ണ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി. കാലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ അപ്രമാദിത്യം തകര്‍ത്തുകൊണ്ട് തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായിരുന്ന എന്‍.ടി. രാമറാവു ആന്ധ്രമുഖ്യമന്ത്രിയായി. പിന്നീട് അദ്ദേഹത്തിന്റെ മരുമകന്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ കാലത്താണ് ഹൈദരാബാദ് നഗരം വീണ്ടും സുവര്‍ണകാലത്തേക്ക് തിരിച്ചുവരുന്നത്.
രാജ്യത്തിന്റെ ഐടി നഗരമായി ഹൈദരാബാദ് വളര്‍ന്നു. പല വിദേശ കമ്പനികളും ഹൈദരാബാദ് നഗരത്തിലേക്ക് എത്തി. അംബരചുംബികളായ കെട്ടിടങ്ങള്‍ ഉയര്‍ന്നു. ലോകബാങ്ക് സഹായവും ആഗോള കമ്പനികളുടെ പിന്തുണയും നേടിയെടുത്ത് നായിഡു ഹൈദരാബാദിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. അതേസമയം, ഹൈദരാബാദിന്റെ വളര്‍ച്ചയ്ക്ക് സംസ്ഥാനം കൊടുക്കേണ്ട വില വലുതായിരുന്നു. സര്‍ക്കാര്‍ നഗരവത്കരണത്തില്‍ മാത്രം ശ്രദ്ധയൂന്നിയപ്പോള്‍ സംസ്ഥാനത്തെ കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞു. ഒട്ടേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വലിയ കാര്‍ഷിക പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ഇത് വൈ.എസ്.ആറിന്റെ ഉദയത്തിനും നായിഡുവിന്റെ തോല്‍വിക്കും കാരണമായി. പിന്നീട് രാജ്യചരിത്രത്തില്‍ ഇടംനേടിയ തെലുങ്കാന സമരത്തിനൊടുവില്‍ തെലുഗു ജനങ്ങളുടെ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് ആന്ധ്ര പ്രദേശ് വിഭജിക്കപ്പെട്ടു. അതോടെ അവരുടെ അഭിമാന നഗരിയായിരുന്ന ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി.
ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായ ആന്ധ്ര പ്രദേശിന് പുതിയ തലസ്ഥാനം കണ്ടെത്തേണ്ട സ്ഥിതിയായി. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, കര്‍ണൂല്‍ എന്നീ നഗരങ്ങളുടെ പേരുയര്‍ന്നെങ്കിലും മുഖ്യമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തിയ ചന്ദ്രബാബു നായിഡുവിന് അതൊന്നും പോരായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹൈദരാബാദ് നഗരത്തെ പോലും കവച്ചുവെക്കുന്ന ഒരു തലസ്ഥാന നഗരിയായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തില്‍. തന്റെ ഹൈദരാബാദ് മോഡല്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള ആവേശത്തിലായിരുന്നു നായിഡു. അങ്ങനെയാണ് 2014-ല്‍ ഏറെ കാലത്തെ അന്വേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലുള്ള കൃഷ്ണാനദിയുടെ തീരത്തെ അമരാവതി എന്ന ചരിത്രനഗരം ആന്ധ്രയുടെ പുതിയ തലസ്ഥാനനഗരിയായി പ്രഖ്യാപിക്കപ്പെടുന്നത്.
പുരാണങ്ങളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമാണ് അമരാവതി. ദേവേന്ദ്രന്റെ രാജധാനിയായിരുന്നതിനാലാണ് മരണമില്ലാത്ത സ്ഥലം എന്ന പേര് കിട്ടിയതെന്നാണ് ഐതിഹ്യം. ഏറെ ചരിത്രപ്രാധാന്യവും ഈ സ്ഥലത്തിനുണ്ട്. പല്ലവ രാജവംശത്തിന്റെയും ശതവാഹന രാജവംശത്തിന്റെയും ആസ്ഥാന നഗരിയായിരുന്നു അമരാവതി. എ.ഡി 200-ല്‍ ശതവാഹന രാജാവായിരുന്ന ശാതകരണിയുടെ കാലത്ത് അമരാവതി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സമ്പന്ന നഗരികളിലൊന്നായിരുന്നു. ബുദ്ധമതവുമായും ഈ നഗരത്തിന് വലിയ ബന്ധങ്ങളുണ്ട്. ബുദ്ധമത വിശ്വാസിയായി മാറിയ കലിംഗ രാജാവ് അശോകന്റെ നിര്‍ദേശപ്രകാരം സ്ഥാപിക്കപ്പെട്ട നൂറടി ഉയരമുള്ള ബുദ്ധസ്തൂപം ഇന്നും അമരാവതിയിലുണ്ട്.
അത്തരത്തില്‍ ഇന്ത്യാ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന പിന്നീട് ഇല്ലാതായിപ്പോയ ഒരു ചരിത്രനഗരത്തെ വീണ്ടെടുത്ത് തങ്ങളുടെ തലസ്ഥാനമാക്കാനാണ് തന്റെ പരിശ്രമമെന്നു ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലുള്ള ഇരുപത്തൊമ്പത് ഗ്രാമങ്ങള്‍ അടങ്ങുന്ന 33,000 ഏക്കര്‍ കൃഷിഭൂമിയാണ് തലസ്ഥാന നഗരത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമിയുടമകള്‍ക്ക് മുന്നില്‍ വലിയ ഓഫറുകള്‍ നിരത്തി എതിര്‍പ്പുകളില്ലാതാക്കിയാണ് ഭൂമി അക്വയര്‍ ചെയ്തത്. അമരാവതി നഗരം സ്ഥാപിതരാവുന്നതോടെ ഈ കര്‍ഷകര്‍ കോടിപതികളായി മാറുമെന്നായിരുന്നു മുഖ്യമന്ത്രി അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളിലൊന്ന്.
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ സിംഗപ്പുരിനെയായിരുന്നു നായിഡു മാതൃകയായി കണ്ടിരുന്നത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും സാങ്കേതിക സഹായങ്ങളും തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാ മന്ദിരം, ഹൈക്കോടതി, കൂറ്റന്‍ കെട്ടിടങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, റോഡുകള്‍, വിമാനത്താവളം, മെട്രോ എന്നിവയുള്‍പ്പടെ ഒരു ആധനിക നഗരത്തിന് ആവശ്യമായതെല്ലാം ഉള്‍കൊള്ളിച്ചായിരുന്നു ആന്ധ്രയുടെ സ്വപ്‌നനഗരിയുടെ രൂപരേഖ തയ്യാറായത്. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. എന്നാല്‍, ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ഇടിത്തീയെന്നപോലെ 2019-ല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇതോടെ അമരാവതി പദ്ധതി നിലച്ചു.
ഒരു പ്രാധാന്യവുമില്ലാത്ത മേഖലയില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ വിഭവങ്ങള്‍ ചിലവഴിക്കുന്നതിനെ പുതിയ സര്‍ക്കാര്‍ ചോദ്യം ചെയ്തു. ഇതിനെല്ലാമപ്പുറത്ത് രാഷ്ട്രീയ കാരണങ്ങളാലും പദ്ധതി തുടരാന്‍ ജഗന്‍ ഉദ്ദേശിക്കുന്നില്ലെന്നത് പകലുപോലെ വ്യക്തമായിരുന്നു. യോഗങ്ങള്‍ നടത്താന്‍ പ്രജാവേദികെ എന്ന പേരില്‍ 8.9 കോടി ചെലവാക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ ഹാള്‍ നദീതടസംരക്ഷണ നിയമം ലഭിച്ചതിന്റെ പേരില്‍ തകര്‍ക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി ആദ്യംചെയ്തത്. തുടര്‍ന്ന് എല്ലാ നിര്‍മാണ പ്രവൃത്തികളും നിര്‍ത്തി. 2020 ഓഗസ്റ്റില്‍ മൂന്ന് തലസ്ഥാന നഗരങ്ങളെന്ന നിര്‍ദേശം ജഗന്‍ മുന്നോട്ടുവെച്ചു. അമരാവതി നിയമനിര്‍മ്മാണ തലസ്ഥാനമായും വിശാഖപട്ടണം എക്‌സിക്യൂട്ടീവ് ഹബ്ബായും കര്‍ണൂല്‍ നീതിന്യായ കേന്ദ്രവുമാകുന്ന പദ്ധതിയായിരുന്നു ഇത്. ഇതിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ സമരവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും ജഗന്‍ കുലുങ്ങിയില്ല. നായിഡുവിന്റെ സ്വപ്നത്തെ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ ജഗന്‍ കുഴിച്ചുമൂടി. ഭാഗികമായി നിര്‍മ്മിച്ച കെട്ടിടങ്ങളും കാടുമൂടി ഉപേക്ഷിക്കപ്പെട്ട പ്ലോട്ടുകളുമായി ജനജീവിതമില്ലാതെ അമരാവതി വീണ്ടുമൊരു പ്രേതനഗരമായി മാറി.
2024-ല്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായി അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡുവിനെ സംബന്ധിച്ചെടുത്തോളം അമരാവതി 2.0 ഒരു അനിവാര്യതയായിരുന്നു. തന്റെ സ്വപ്‌നപദ്ധതി എന്ന നിലയില്‍ കൊട്ടിഘേഷിച്ച പദ്ധതി ഉപേക്ഷിക്കുന്നത് രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമായിരിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതോടൊപ്പം നേരത്തെ അമരാവതിയില്‍ ചിലവഴിച്ച ആയിരക്കണക്കിന് കോടികള്‍ക്കും അവിടുത്തെ കര്‍ഷകര്‍ക്ക് കൊടുത്ത വാക്കുകള്‍ക്കും അദ്ദേഹം ഉത്തരവാദിയുമായിരുന്നു. അതോടെ തലസ്ഥാന പദ്ധതി ചാരത്തില്‍നിന്നും ഉയര്‍ത്തെണീറ്റു. പിന്നാലെ 2025 മെയ് 2-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വീണ്ടും എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 58,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. ഇതില്‍ 49,000 കോടി രൂപ അമരാവതിയിലെ 74 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശ് നിയമസഭ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള വസതികള്‍ എന്നിവയുടെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു. 9 തീം സിറ്റികളും 27 ടൗണ്‍ഷിപ്പുകളും ഉള്‍പ്പെടുന്നതാണ് പുതിയ അമരാവതി പ്രൊജക്ട്. 365 കിലോമീറ്റര്‍ ട്രങ്ക് റോഡുകളും 1500 കിലോമീറ്റര്‍ ലേഔട്ട് റോഡുകളുമാണ് പദ്ധതിയുടെ മറ്റൊരു നിര്‍ണായക ഭാഗം. വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലെ 217 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം എക്കണോമിക്ക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇവിടെ 35 ലക്ഷം ജനങ്ങള്‍ക്കുള്ള താമസസൗകര്യങ്ങളും 15 ലക്ഷം തൊഴില്‍ സാധ്യതകളുമൊരുക്കും. മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായി ലോകസഭയില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയാണ് ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഇതുപയോഗിച്ച് നിരവധി പൊതുമേഖല പദ്ധതികള്‍ (പ്രതിരോധ, റെയില്‍വേ മേഖലകളില്‍ നിന്നുള്ളവ ഉള്‍പ്പടെ) അമരാവതിയില്‍ തുടങ്ങാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് പാഠം പഠിച്ചതിനാല്‍ ഇത്തവണ തിരക്കിട്ടാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് കൃത്യമായി പൂര്‍ത്തീകരിക്കാനായാല്‍ മുഖ്യമന്ത്രി കസേരയില്‍ ഒരു തവണ കൂടിയെങ്കിലും ഇരിക്കാനായേക്കുമെന്നും 75-കാരനായ ചന്ദ്രബാബു നായിഡു ലക്ഷ്യമിടുന്നു. അതേസമയം, വലിയൊരു രാഷ്ട്രീയ പകിടകളിയാണ് നായിഡു നടത്തുന്നതെന്ന് കരുതുന്നവരുമുണ്ട്. സാമ്പത്തികമായ അത്ര സുഖകരമൊന്നുമല്ലാത്ത ഒരു സംസ്ഥാനത്തിന്റെ എല്ലാ സാധ്യതകളും ഒരു പ്രദേശത്തേക്ക് കേന്ദ്രീകരിക്കുന്നത് വലിയ അനീതിയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ഏറ്റവും ഫലഭൂയിഷ്ടമായ കൃഷിഭൂമിക്ക് മുകളില്‍ ഒരു വന്‍നഗരം പണിയുന്നതിനെ കാര്‍ഷിക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും തുടക്കം മുതലേ എതിര്‍ത്തിരുന്നു. തിരഞ്ഞെടുത്ത സ്ഥലത്തിന്റെ പ്രായോഗികതയെ കുറിച്ചും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭൂമിശാസ്ത്രപരമായ പരിഗണനകള്‍ക്കപ്പുറത്ത് അമരാവതിയുടെ ആത്മീയ ഘടകങ്ങളും റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങളുമാണ് നായിഡുവിനെ ആകര്‍ഷിച്ചതെന്നാണ് ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനം. ഇതിനിടയില്‍ നായിഡു കുടുംബത്തിലെയും ടിഡിപിയിലെയും ചില പ്രമുഖര്‍ അമരാവതിയിലെ കര്‍ഷകരില്‍നിന്ന് തുച്ചമായ വിലക്ക് ഭൂമി വാങ്ങിക്കൂട്ടിയതായും അവയ്ക്ക് പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയതായും ആരോപണങ്ങളുയര്‍ന്നിരുന്നു.
ഹൈദരാബാദ് മാജിക്ക് ആവര്‍ത്തിക്കാനുള്ള വ്യഗ്രതയുമായിറങ്ങിയ നായിഡു യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്നും വിമര്‍ശമുണ്ട്. ഹൈദരാബാദല്ല അമരാവതി, ഹൈദരാബാദിനുണ്ടായിരുന്ന വ്യാവസായിക അടിത്തറയോ സാധ്യതകളോ കേവലം കൃഷി ഭൂമി മാത്രമായ അമരാവതിക്കില്ല. നൈസാമിന്റെ കാലം മുതല്‍ക്കേ ലോകരാജ്യങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന നഗരമായിരുന്നു ഹൈദരാബാദ്. അക്കാലം മുതലേ വലിയ വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു. അതിനെ പുതിയ കാലത്തിന് അനുസൃതമായി മാറ്റുകയാണ് നായിഡു ചെയ്തത്.
എന്നാല്‍ ഒരു കാര്‍ഷിക സംസ്ഥാനമായ പുതിയ ആന്ധ്രയില്‍ ശൂന്യതയില്‍നിന്ന് നായിഡു സ്വപ്‌നം കാണുന്നത് പോലൊരു നഗരം ഉയര്‍ത്തിക്കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഐടി വ്യവസായങ്ങള്‍ വികസിക്കുന്ന കാലത്ത് ഹൈദരാബാദ് സിറ്റി വികസിപ്പിച്ചത് പോലെ ഇക്കാലത്ത് അമരാവതിയിലേക്ക് വന്‍കിട വ്യവസായങ്ങളും കമ്പനികളും എത്തുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനങ്ങള്‍പ്പുറത്ത് മുഖ്യമന്ത്രി കസേരയില്‍ വീണ്ടുമിരിക്കാനും തന്റെ പാരമ്പര്യം നിലനിര്‍ത്താനുമുള്ള വ്യഗ്രതയില്‍ ചന്ദ്രബാബു നായിഡു കൂടുതല്‍ അബന്ധങ്ങളിലേക്കാണ് സഞ്ചരിക്കുന്നതെന്നെന്നും അതിന് സംസ്ഥാനം വലിയ വില നല്‍കേണ്ടിവരുമെന്നുമാണ് ഇവരുടെ പക്ഷം.
ആധുനിക ഹൈദരാബാദിനെ സൃഷ്ടിക്കുന്ന തിരക്കില്‍ സാധാരണ ജനങ്ങളെയും കര്‍ഷകരെയും മറുന്നപോയ ചന്ദ്രബാബു നായിഡു ആ ചരിത്രത്തില്‍നിന്ന് എന്തെങ്കിലും പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറായോ എന്നതാണ് ചോദ്യം. ചരിത്രം ആവര്‍ത്തിച്ചാല്‍ അത് ചന്ദ്രബാബു നായിഡുവിന്റെ രാഷ്ട്രീയ അന്ത്യമാകുമെന്നുള്ളതും യാഥാര്‍ഥ്യമാണ്