ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെ ചുരുളഴിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. എന്നാൽ റിപ്പോർട്ടിന് സമാനമായ പലസംഭവങ്ങളും തനിക്കുണ്ടായെന്ന് ബംഗാളി നടി റിതാഭാരി ചക്രവർത്തി വെളിപ്പെടുത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ടാഗ് ചെയ്ത് കേരളത്തിലെ ഹേമ കമ്മീഷൻ മാതൃകയിൽ സമാനമായ അന്വേഷണം ബംഗാളി സിനിമമേഖലയിലും വേണമെന്നും താരം ആവശ്യപ്പെട്ടു.
റിതാഭാരി ഇങ്ങനെ കുറിച്ചു:
''മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട്, എന്തുകൊണ്ട് ബംഗാളി സിനിമമേഖലയിലും സമാന നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചിന്തിപ്പിച്ചു. വന്ന പല റിപ്പോർട്ടുകളും എനിക്കുണ്ടായ അനുഭവങ്ങൾക്ക് സമാനമാണ്. കൂടാതെ എനിക്കറിയാവുന്ന പല നടികളും ഇത്തരത്തിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച് സിനിമയിലെത്തിപ്പെടുന്ന യുവനടിമാർക്ക് എന്ത് സുരക്ഷയാണ് ഇവിടെ കൊടുക്കാൻ സാധിക്കുന്നത്. സിനിമാമേഖല മധുരം പൊതിഞ്ഞ വേശ്യലയമായി മാറിക്കൊണ്ടിരിക്കുകയാണ്.''
ആരുടെയും പേര് വെളിപ്പെടുത്താതെയായിരുന്നു റിതാഭാരിയുടെ പരാമർശം. ഇതോടൊപ്പം മുഖ്യമന്ത്രി മമതാബാനർജിയെ ടാഗ് ചെയ്ത് അവർ ഇങ്ങനെ പറഞ്ഞു: ''ഞങ്ങൾക്ക് മലയാള സിനിമയിലേതിനു സമാനമായ അന്വേഷണവും റിപ്പോർട്ടും പരിഷ്‌കരണവും വേണം. ഇത്തരം വൃത്തികെട്ട മനസ്സും പെരുമാറ്റവുമുള്ള നായകനും നിർമ്മാതാവും സംവിധായാകനുമടങ്ങുന്നവർ ഇപ്പോഴും ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. മാത്രമല്ല പുറമേ ഇരകൾക്കുവേണ്ടി മെഴുകുതിരി പിടിക്കുന്ന അവരുടെ മുഖംമൂടി സമൂഹത്തിനുമുന്നിൽ അഴിഞ്ഞുവീഴണം.''
ഇത്തരം ആളുകളെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടാനായി എല്ലാ സഹപ്രവർത്തകരായ സ്ത്രീകളോടും റിതാ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രബലരായ ആളുകൾക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടുമെന്ന പേടിയുണ്ടാകും, പക്ഷേ എത്രനാൾ ഇങ്ങനെ മിണ്ടാതിരിക്കുമെന്നും റിത മറ്റ് നായികമാരോട് ചോദിക്കുന്നു.
ബംഗാളി നടി ശ്രീലേഖ മിത്ര അടുത്തിടെ മലയാളത്തിലെ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.