മുംബൈ : കേരളത്തില്‍ നമ്മള്‍ ഹോട്ടലുകള്‍ക്ക് മുന്നിലൊക്കെ കാണുന്നത് മിക്കവാറും വിലവിവര പട്ടികകളായിരിക്കും.എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അടയാളങ്ങള്‍ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത മുംബൈ മറൈന്‍ഡ്രൈവിലൂടെ നടക്കുമ്പോള്‍ എക്സ്പ്രസ് ഭവനും ട്രൈഡന്റ് ഹോട്ടലിനും സമീപത്തായി ഒരു ബ്രേക് ഫാസ്റ്റ് ഹോട്ടല്‍ കണ്ണില്‍പ്പെടും... അവിടുത്തെ ബാനറില്‍ ഒരോ ദിവസും ഉയര്‍ത്തിക്കാട്ടുന്നത് വിലവിവരപ്പട്ടികയൊന്നുമല്ല... ലോകത്തെ സംഭവവികാസങ്ങളുടെ ഒരു ചുരുക്കെഴുത്ത് തന്നെ ഈ ബോര്‍ഡില്‍ നടത്താറുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആ എഴുത്ത് പക്ഷെ കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി മാറിയിട്ടില്ല.
മാഹാ... രാഷ്ട്ര
മഹാ.... യൂതി
മഹാ... വിജയ്
ഈ ബാനറിന്റെ ആയുസ്സ് വ്യാഴാഴ്ച കഴിയുമായിരിക്കും. കാരണം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവായ ദേവേന്ദ്ര ഫട്‌നാവിസ്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്, സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ഐക്യകണ്ഠമായി തീരുമാനിച്ചത്. വിധാന്‍ സഭയ്ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ മറ്റും മുന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ഒറ്റ മലക്കംമറിച്ചിലാണ് വീട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയത്. കാരണം തലേ ദിവസം വരെ അമിത്ഷായെ ഉള്‍പ്പെടെ ഡല്‍ഹിയില്‍ കണ്ട് നടത്തിയ ധാരണയാണ് ഒറ്റയടിക്ക് ഏക്നാഥ് ഷിന്‍ഡെ മാറ്റിക്കളഞ്ഞത്.
അസുഖബാധിതനെന്ന് പറഞ്ഞ് നാടുവിട്ട അദ്ദേഹത്തെ ഒടുവില്‍ സാക്ഷാല്‍ അമിത്ഷാ തന്നെ രംഗത്തിറക്കി പ്രശ്നപരിഹാരം നടത്തിയതോടെയാണ് മഹാ-നാടക-രാഷ്ട്രീയത്തിന് പരിഹാരമായത്. ഇനി മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടാവുക. മുന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും. കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് റൂപാണി എന്നിവരാണ് പ്രതിസന്ധി പരിഹരിച്ചതെന്നാണ് സൂചന.ധരംപേട്ടിലെ ആര്‍എസ്എസ് ശാഖപ്രവര്‍ത്തകനില്‍ നിന്ന് മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രത്തില്‍ എത്തിയ ദേവേന്ദ്ര ഫട്‌നാവിസ് മാറിമറിഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എല്ലാ മുഖങ്ങള്‍ക്കും സാക്ഷിയായ നേതാവാണ്.22 -ാം വയസില്‍ നാഗ്പൂര്‍ കോര്‍പ്പറേഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെ ചെറിയ പ്രായത്തില്‍ തന്നെ നേതൃപാടവം തെളിയിച്ചു.
അഭിഭാഷകനായി കരിയര്‍ തുടങ്ങിയ അദ്ദേഹം ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ബുദ്ധിവൈഭവവും സംവാദത്തിലെ കഴിവും അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.കുട്ടിക്കാലത്ത് തന്റെ പിതാവിനെ ജയിലിലടച്ച പ്രധാനമന്ത്രിയുടെ പേരുള്ള സ്‌കൂളില്‍ പഠിക്കാന്‍ വിസമ്മതിച്ച അദ്ദേഹം 'ഇന്ദിര' കോണ്‍വെന്റിലെ പഠനം ഉപേക്ഷിക്കാന്‍ തയ്യാറായി. പിന്നീട് സരസ്വതി വിദ്യാലയത്തിലെത്തേക്ക് പഠനം മാറ്റാനുള്ള തീരുമാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയില്‍ തന്നെ വഴിത്തിരിവായി.
27-ാം വയസില്‍ നാഗ്പൂരിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ഫട്‌നാവിസ് അധികാരമേറ്റു. പിന്നീട് മഹാരാഷ്ട്രയുടെ രണ്ടാമത്തെ ബ്രാഹ്‌മണ മുഖ്യമന്ത്രിയെന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി അതുല്‍ ലിമായെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന പിടിവള്ളി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക് ഹെ തോ സേഫ് ഹേ എന്ന മുദ്രാവാക്യവും അദ്ദേഹം പ്രചരണങ്ങളിലുടനീളം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാവരെയും ആകര്‍ഷിക്കുന്ന നേതൃഗുണം കാഴ്ചവയ്ക്കുന്നയാളാണ് ഫട്‌നാവിസ്.2014ല്‍ ആദ്യമായി മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ഫട്‌നാവിസ് മറാത്ത സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.നാട്ടുഭാഷയില്‍ നമ്മള്‍ പറഞ്ഞാല്‍ ടാറ്റ സുമോയ്ക്കോ... ബൊലേറോയ്ക്കോ പോലും പെട്രോള്‍ അടിക്കാന്‍ കാശില്ലാതെ കേരള പൊലീസ് കഷ്ടപ്പെടുന്ന സമയത്ത് റേഞ്ച് റോവറും ബെന്‍സുമൊക്കെ മഹാരാഷ്ട്ര പൊലീസിന്റെ ഭാഗമാക്കുന്നതില്‍ ഫട്നാവിസ് നടത്തിയ ശ്രമങ്ങളും എടുത്തുപറയേണ്ടതാണ്.