ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു. ഗൗതം അദാനിയുടെ കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വന്‍വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും അദാനി കമ്പനികളുടെ ഓഹരികള്‍ ഓഹരി കമ്പോളത്തില്‍ നിലംപതിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്സണാണ് അറിയിച്ചത്. തങ്ങളുടെ ലക്ഷ്യങ്ങളും ആശയങ്ങളും പൂര്‍ത്തിയായെന്ന പ്രഖ്യാപനത്തോടെയാണ് അപ്രതീക്ഷിതമായി ഹിന്‍ഡന്‍ബര്‍ഗ് പൂട്ടുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി 2017ലാണ് ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ആരംഭിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകള്‍ വലിയ കോര്‍പറേറ്റ് കമ്പനികളെ അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റര്‍നാഷനല്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
'കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവെച്ചതുപോലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചു.' ആന്‍ഡേഴ്സണ്‍ അറിയിച്ചു.