2025ലും ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ഭീകര ക്യാംപുകള്‍ തകര്‍ത്തെന്ന് സൈന്യം

മ്യാന്‍മറിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം-ഇന്‍ഡിപെന്‍ഡന്റിന്റെ ക്യാംപുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. കഴിഞ്ഞ ജൂലൈയില്‍ തങ്ങളുടെ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഭീകരര്‍ ആരോപിച്ചിരുന്നു

author-image
Biju
New Update
india2

ന്യൂഡല്‍ഹി: 2025 ജൂലൈയില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി കടന്നു സൈന്യം ഭീകര ക്യാംപുകള്‍ തകര്‍ത്തതായി ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ്. 2025 ജൂലൈ 11 നും 13 നും ഇടയില്‍ ഇന്ത്യയുടെ സ്‌പെഷല്‍ ഫോഴ്സായ പാരാ കമാന്‍ഡോകളാണ് ഓപ്പറേഷനിറങ്ങിയത്. കൃത്യതയോടെ ഓപ്പറേഷന്‍ നിര്‍വഹിച്ച പാരാ (സ്‌പെഷല്‍ ഫോഴ്സ്) ലഫ്റ്റനന്റ് കേണല്‍ ഘടേജ് ആദിത്യ ശ്രീകുമാറിന് റിപ്പബ്ലിക്കിനോടു അനുബന്ധിച്ച് ശൗര്യ ചക്ര ബഹുമതി ലഭിച്ചിരുന്നു. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

മ്യാന്‍മറിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം-ഇന്‍ഡിപെന്‍ഡന്റിന്റെ ക്യാംപുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. കഴിഞ്ഞ ജൂലൈയില്‍ തങ്ങളുടെ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഭീകരര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ആക്രമണത്തെ കുറിച്ച് മൗനം പാലിച്ചു. അതേസമയം, സംസ്ഥാന പൊലീസും ആക്രമണം നടത്തിയിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും പറഞ്ഞിരുന്നു. ആക്രമണത്തില്‍ ഒന്‍പത് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ഓപ്പറേഷന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ഇന്ത്യ പുറത്തുവിട്ടിട്ടില്ല. രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഗ്രൂപ്പിന്റെ ക്യാംപ് ലക്ഷ്യമിട്ടു എന്നാണ് ശൗര്യ ചക്ര ബഹുമതിക്കൊപ്പമുള്ള കുറിപ്പിലെ വിവരണം.