റാഞ്ചി എയര്‍ ആംബുലന്‍സ് അപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായില്ല

എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ആശയവിനിമയം പരിശോധിച്ചും ദൃക്‌സാക്ഷികളുടെ മൊഴികളിലൂടെയും അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. തകര്‍ന്ന വിമാനത്തിന്റെ കാലാവസ്ഥാ റഡാര്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്.

author-image
Biju
New Update
ranchi air

റാഞ്ചി:ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാറിയയില്‍ തകര്‍ന്നു വീണ എയര്‍ ആംബുലന്‍സിന് ബ്ലാക് ബോക്‌സില്ലെന്ന് അധികൃതര്‍. വ്യോമയാന നിയമപ്രകാരം 5,700 കിലോയ്ക്ക് താഴെ ഭാരമുള്ള വിമാനങ്ങള്‍ക്ക് കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡും (സിവിആര്‍) ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും (എഫ്ഡിആര്‍) നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. 7 പേരാണ് അപകടത്തില്‍ മരിച്ചത്.

എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ആശയവിനിമയം പരിശോധിച്ചും ദൃക്‌സാക്ഷികളുടെ മൊഴികളിലൂടെയും അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. തകര്‍ന്ന വിമാനത്തിന്റെ കാലാവസ്ഥാ റഡാര്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

ഡല്‍ഹിക്കു പോകാന്‍ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 7.11ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ആംബുലന്‍സ് 20 മിനിറ്റിനുള്ളില്‍ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാട്ടില്‍ വീണു തകരുകയായിരുന്നു. പൊള്ളലേറ്റ് റാഞ്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഞ്ജയ്കുമാറിനെ (41) വിദഗ്ധ ചികിത്സയ്ക്ക് ഡല്‍ഹിക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. 2 പൈലറ്റുമാരും രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും ഉള്‍പ്പെടെ ഈ ചെറുവിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചു.