പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി പ്രവര്‍ത്തിക്കുക പുതിയ കെട്ടിടത്തില്‍

സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളെ സഹായിക്കാനുള്ള 'ലാഖ്പതി ദീദി' പദ്ധതി ആറ് കോടി പേരിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഫയലില്‍ പ്രധാനമന്ത്രി ഒപ്പുവച്ചു

author-image
Biju
New Update
pmoffice

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) സെന്‍ട്രല്‍ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറി. സ്വാതന്ത്ര്യം നേടിയതു മുതല്‍ സൗത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസാണ് 'സേവാ തീര്‍ഥ്' എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റിയത്. പുതിയ മന്ദിരത്തിന്റെ ചുവരില്‍ ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്ത 'സേവാ തീര്‍ഥ്' എന്ന ശിലാഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഫലകത്തിനു താഴെ 'നാഗരിക് ദേവോ ഭവ' (പൗരന്‍ ദൈവത്തിന് തുല്യന്‍) എന്ന വാക്യവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഫീസിലെ ഗണപതി വിഗ്രഹത്തില്‍ മാല ചാര്‍ത്തിയ പ്രധാനമന്ത്രി, സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍, എന്നിവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രധാന ഫയലുകളില്‍ ഒപ്പിട്ടു. സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളെ സഹായിക്കാനുള്ള 'ലാഖ്പതി ദീദി' പദ്ധതി ആറ് കോടി പേരിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഫയലില്‍ പ്രധാനമന്ത്രി ഒപ്പുവച്ചു. ഇപ്പോള്‍ 3 കോടി സ്ത്രീകളാണ് പദ്ധതിയിലുള്ളത്. അപകടബാധിതര്‍ക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭിക്കുന്ന 'പിഎം രാഹത്' പദ്ധതിക്കും തുടക്കമായി. കര്‍ഷകര്‍ക്ക് വലിയ ഉത്തേജനം നല്‍കുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് രണ്ട് ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ 'സ്റ്റാര്‍ട്ടപ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്‌സ് 2.0' പ്രധാനമന്ത്രി അംഗീകരിച്ചു.

വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകള്‍ ഉള്‍ക്കൊള്ളുന്ന കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ വിസ്റ്റയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ് എന്നിവയുടെ ഓഫിസുകളും ഉണ്ടാകും. ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നതിനും വിശിഷ്ടാതിഥികളെ സ്വീകരിക്കാനുമുള്ള സ്ഥലമായിരിക്കും ഇന്ത്യ ഹൗസ്. ധനം, പ്രതിരോധം, ആരോഗ്യം, കോര്‍പറേറ്റ്, വിദ്യാഭ്യാസം, സാംസ്‌കാരികം, നിയമം, വാര്‍ത്താ വിതരണം പ്രക്ഷേപണം, കൃഷി, രാസവസ്തു- വളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളാണ് കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുക.

9 കെട്ടിട സമുച്ചയങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ ആദ്യം പൂര്‍ത്തിയായ കര്‍ത്തവ്യ ഭവന്‍ 3 കഴിഞ്ഞ ഓഗസ്റ്റിലാണു തുറന്നത്. ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, പെട്രോളിയംപ്രകൃതിവാതകം എന്നീ മന്ത്രാലയങ്ങളാണ് ഇതിലുള്ളത്.