ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി സ്‌കൂള്‍ കോമ്പൗണ്ടില്‍ കുഴിച്ചുമൂടിയ 55 കാരനായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബലാത്സംഗ ശ്രമം ചെറുത്തതിനാണ് പ്രിന്‍സിപ്പല്‍ ഗോവിന്ദ് നട്ട് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി സ്‌കൂള്‍ കോമ്പൗണ്ടില്‍ കുഴിച്ചുമൂടുകയും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. സ്‌കൂളിലേക്കു പോയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി തിരികെയെത്താത്തതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ തിരോധാന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്താവുന്നത്.
വ്യാഴാഴ്ച സ്‌കൂള്‍ കോമ്പൗണ്ടില്‍നിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് കണ്ടെത്തി. സംഭവത്തില്‍ പോലീസ് 10 സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എല്ലാ ദിവസവും പ്രിന്‍സിപ്പലിനൊപ്പമാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നതെന്ന് അമ്മ പോലീസിനോടു പറഞ്ഞു. സംഭവദിവസം, താന്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ വിട്ടശേഷം മറ്റു ചില ജോലികള്‍ക്കായി പോവുകയായിരുന്നു എന്നായിരുന്നു പ്രിന്‍സിപ്പല്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ അന്ന് വൈകിയും സ്‌കൂളിലുണ്ടായിരുന്നെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ക്രൂരകൃത്യം ചെയ്തത് താനാണെന്ന് പ്രിന്‍സിപ്പല്‍ സമ്മതിച്ചു.